ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്നും അവയെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന ധാരണ ശരിയല്ലെന്നും കേരള ഹൈക്കോടതി. ബാറുകളിലും ഹോട്ടലുകളിലും നൃത്തം ചെയ്യാനോ പാട്ട് കേൾക്കാനോ പാടില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും, ഒരു നാട്ടിലെ രാത്രികാല ജീവിതം (നൈറ്റ് ലൈഫ്) തന്നെ നിരോധിക്കാനാകുമോ എന്നും കോടതി സർക്കാരിനോട് ചോദിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാർട്ടികൾക്കടക്കം കർശന നിയന്ത്രണമേർപ്പെടുത്തിയ കൊച്ചി സിറ്റി പൊലീസിന്റെ നോട്ടീസുകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ വിശദമായ വാദം കേൾക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്.
ഹോട്ടലുകളിൽ മദ്യം വിളമ്പുന്നതിന് സർക്കാരിന് എതിർപ്പില്ല, എന്നാൽ ഡിജെ പാർട്ടികൾക്ക് മാത്രം എന്തിനാണ് ഇത്രയധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് കോടതി ആരാഞ്ഞു. ഡിജെ സംഗീതം നിരവധി പേരുടെ ഉപജീവനമാർഗ്ഗമായ ഒരു തൊഴിലാണ്. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എല്ലാ ഡിജെ പാർട്ടികളെയും പൊതുവൽക്കരിച്ച് കാണരുത്. ഡിജെ പാർട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നതെന്നും കോടതി ചോദിച്ചു.
അതേസമയം, മയക്കുമരുന്ന് ഉപയോഗത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് കോടതി അടിവരയിട്ട് വ്യക്തമാക്കി. നിയമലംഘനങ്ങളോ ലഹരി ഉപയോഗമോ നടക്കുന്നുണ്ടെങ്കിൽ കർശനമായ നടപടി തന്നെ സ്വീകരിക്കണം. ഇതിനായി ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണത്തിനായി പൊലീസിനെ വിന്യസിക്കാവുന്നതാണെന്നും, അല്ലാതെ പരിപാടികൾ പൂർണ്ണമായും വിലക്കുകയല്ല വേണ്ടതെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾക്ക് കൃത്യമായ നിയമപരമായ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലുകളിൽ രാത്രികാലങ്ങളിൽ നടക്കുന്ന ഡിജെ പാർട്ടികൾ ലഹരി ഉപയോഗത്തിന് വഴിവെക്കുന്നു എന്നാരോപിച്ചാണ് പൊലീസ് കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഇതിനെതിരെ ഹോട്ടൽ ഉടമകൾ നൽകിയ ഹർജിയിൽ പൊലീസിന്റെ നിയന്ത്രണങ്ങൾ സിംഗിൾ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.











