പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി.അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിബു(19)വിനാണ് മർദ്ദനമേറ്റത്. വിവസ്ത്രനാക്കി ഒരു മണിക്കൂറോളം പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് പരാതി. മർദ്ദനത്തിൽ യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. കണ്ണിന് സമീപത്തും ചെവിക്ക് പിന്നിലും മുതുകിലും കൈകളിലുമാണ് പരിക്കേറ്റത്.
ഈ കഴിഞ്ഞ 24 നാണ് സംഭവം. ഇപ്പോഴാണ് ഇതിന്റെ വീഡിയോ പുറത്ത് വരുന്നത്. മദ്യപിച്ച് വാഹനം തകർത്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് പോലീസ് വ്യക്തമാക്കുന്നു. മദ്യപിച്ച് റോഡിൽ നിൽക്കുകയായിരുന്ന യുവാവ് ഇതുവഴി വന്ന വാഹനം തടഞ്ഞെന്നും പിന്നാലെ വാഹനത്തിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തെന്നും പിന്നാലെയാണ് മർദനമെന്നുമാണ് പോലീസ് പറയുന്നത്.
വാഹന ഉടമയുടെ പരാതിയിൽ അഗളി പോലീസാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ യുവാവിന്റെ പരാതിയിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.










