തമിഴ്‌നാട്ടിൽ നിന്നും കടലിൽ പോയി അപകടത്തിൽപ്പെട്ട് കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിലെ വിവിധ തീരപ്രദേശങ്ങളിൽ നിന്നും കണ്ടെത്തി. ചെന്നൈയിലെ റോയപുരം, തൊണ്ടിയാർപേട്ട് തുടങ്ങിയ മേഖലകളിൽ നിന്ന് കടലിലേക്ക് പോയ ബോട്ടിന്റെ എൻജിൻ തകരാറിലായതിനെ തുടർന്ന് അപകടത്തിൽപ്പെടുകയായിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലുള്ള ഓംഗോൾ, കൊത്തപട്ടണം തുടങ്ങിയ തീരപ്രദേശങ്ങളിൽ നിന്നായി ഇവരുടെ മൃതദേഹങ്ങൾ പൂർണ്ണമായും കണ്ടെടുത്തത്.
നേരത്തെ നടത്തിയ തിരച്ചിലിൽ ഏഴ് മീൻപിടുത്തക്കാരുടെ മൃതദേഹങ്ങൾ കരയ്ക്കടിയുകയും ബന്ധുക്കൾ എത്തി അവ തിരിച്ചറിയുകയും ചെയ്തിരുന്നു. മോഹൻ, സൂര്യ, മുരുഗൻ, വിജയകാന്ത്, കുപ്പുസാമി, കുപ്പൻ, അരവിന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് കോസ്റ്റ് ഗാർഡും പ്രാദേശിക പോലീസും നടത്തിയ തിരച്ചിലിനൊടുവിൽ രാജേഷ്, നാരായണൻ എന്നിവരുടെ മൃതദേഹങ്ങൾ കൂടി ലക്ഷ്മീപുരം തീരത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ കാണാതായ മുഴുവൻ ആളുകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
മൃതദേഹങ്ങൾ ഒംഗോൾ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ആംബുലൻസ് മാർഗ്ഗം ചെന്നൈയിലെ ബന്ധുക്കളുടെ അടുക്കലേക്ക് അയച്ചു. അപകടത്തിൽപ്പെട്ട ബോട്ട് ആഴക്കടലിലെ മണ്ണിലും ചെളിയിലും ആണ്ടുപോയ നിലയിലാണ് കണ്ടെത്തിയത്. എൻജിൻ കേടായ വിവരം വയർലെസ് വഴി മറ്റ് ബോട്ടുകൾക്ക് കൈമാറിയെങ്കിലും പെട്ടെന്നുണ്ടായ ശക്തമായ തിരമാലയിൽ ബോട്ട് മറിയുകയായിരുന്നു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മീൻപിടുത്തക്കാരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു.











