ത്രിപുരയിൽ അതിർത്തി സുരക്ഷാ സേനയായ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക അറസ്റ്റ്. കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞ ഹസീന അക്തറിനെയും മകൻ റബിയുൽ ഹൊസൈനെയും മറ്റൊരു പ്രതിയായ മഹബുൽ ഹൊസൈനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 21 ആയി.
ത്രിപുരയിലെ സെപാഹിജാല ജില്ലയിലുള്ള അഷബാരി ഗ്രാമത്തിലാണ് നവംബർ രണ്ടിന് സംഭവം നടന്നത്. അതിർത്തി പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർക്കു നേരെ ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയും ഔദ്യോഗിക വാഹനം തകർക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്.
ആക്രമണത്തിനിടെ ബിഎസ്എഫ് ജവാന്റെ കൈവശമുണ്ടായിരുന്ന സർവീസ് റൈഫിൾ തട്ടിയെടുക്കാൻ ശ്രമമുണ്ടായതായും പോലീസ് ആരോപിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് റിപ്പോർട്ട്.
പോലീസ് പറയുന്നതനുസരിച്ച്, റബിയുൽ ഹൊസൈൻ ഒരു ബിഎസ്എഫ് ജവാനിൽ നിന്ന് ആയുധം തട്ടിയെടുക്കാൻ ശ്രമിക്കുന്നതും മഹബുൽ ഹൊസൈൻ സുരക്ഷാ ഉദ്യോഗസ്ഥനെ വടി ഉപയോഗിച്ച് മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അറസ്റ്റിലായ ഹസീന അക്തറിനെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് നവംബർ 13 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. റബിയുൽ ഹൊസൈനെയും മഹബുൽ ഹൊസൈനെയും ചോദ്യം ചെയ്യുന്നതിനായി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ 10 പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് എട്ട് പേരെ കൂടി പിടികൂടി. ഇപ്പോൾ മൂന്ന് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെ ആകെ പിടികൂടിയ പ്രതികളുടെ എണ്ണം 21 ആയി.
സംഭവത്തെ തുടർന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിരുന്നു. ശേഷിക്കുന്ന പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ്, ബിഎസ്എഫ് , സിആർപിഎഫ് സേനകൾ സംയുക്തമായി തിരച്ചിൽ നടത്തുകയാണ്.
അതിർത്തി മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.












