2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കി കോൺഗ്രസ് ദേശീയ നേതൃത്വം. തിങ്കളാഴ്ച ന്യൂഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ, ഡിസംബർ ആദ്യവാരം മുതൽ സംസ്ഥാനത്ത് അതിവേഗ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ തീരുമാനമായി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എം.പി പ്രിയങ്കാ ഗാന്ധി വാദ്ര, ഉത്തർപ്രദേശ് ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം, സംസ്ഥാന അധ്യക്ഷ ആരാധന മിശ്ര, വർക്കിംഗ് പ്രസിഡന്റ് ഇമ്രാൻ മസൂദ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ രാഷ്ട്രീയത്തിന് തന്നെ പുതിയ ദിശാബോധം നൽകുമെന്നും, സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
ഡിസംബർ ആദ്യവാരം ആരംഭിക്കുന്ന പ്രചാരണ പരിപാടികളിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സംസ്ഥാനത്തുടനീളം റാലികളിലും യാത്രകളിലും പങ്കെടുക്കും. സ്ത്രീകളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിലും വനിതാ വോട്ടർമാരെ പാർട്ടിയോട് അടുപ്പിക്കുന്നതിലും പ്രിയങ്കാ ഗാന്ധിക്ക് പ്രചാരണത്തിൽ നിർണ്ണായക ചുമതല നൽകാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. കൂടാതെ, വോട്ടർ പട്ടികയിലെ ക്രമക്കേടുകളും ‘വോട്ട് മോഷണവും’ തടയുന്നതിനായി ബൂത്ത് തലം മുതൽ സംഘടനയെ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. സാമൂഹിക നീതി, തുല്യ അവസരങ്ങൾ, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ, വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ എന്നിവ പ്രധാന പ്രചാരണ ആയുധങ്ങളാക്കാനാണ് കോൺഗ്രസിന്റെ നീക്കം.
അതേസമയം, 403 സീറ്റുകളുള്ള ഉത്തർപ്രദേശ് നിയമസഭയിലേക്ക് ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സമാജ്‌വാദി പാർട്ടിയുമായി ചേർന്നുള്ള സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലാണ്. 181 സീറ്റുകളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതായി കോൺഗ്രസ് നേരത്തെ സമാജ്‌വാദി പാർട്ടിയെ അറിയിച്ചിരുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ ആദ്യ ഔദ്യോഗിക യോഗം ചൊവ്വാഴ്ച ഡൽഹിയിൽ ചേരുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷ ആരാധന മിശ്ര അറിയിച്ചു. സീറ്റുകളുടെ എണ്ണത്തേക്കാൾ ഉപരിയായി സഖ്യകക്ഷികൾ ഒറ്റക്കെട്ടായി നിന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് എം.പി ഇമ്രാൻ മസൂദും വ്യക്തമാക്കി.








