ഇന്ത്യൻ വ്യോമസേനയുടെ (IAF) പക്കലുള്ള 36 റഫാൽ യുദ്ധവിമാനങ്ങളിൽ നാലെണ്ണം കുറവാണെന്ന ബ്രിട്ടീഷ് വ്യോമയാന മാസികയായ ‘ഫ്ലൈറ്റ് ഗ്ലോബലിന്റെ’ പുതിയ റിപ്പോർട്ടിനെ മുൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ നർമ്മദേശ്വർ തിവാരി (വിരമിച്ച) ശക്തമായി തള്ളി. ‘ഓപ്പറേഷൻ സിന്ദൂർ’ കാലത്ത് സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം റിപ്പോർട്ടിലെ കണക്കുകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും മാസികയുടെ വാർത്താ സ്രോതസ്സുകളുടെ വിശ്വാസ്യത പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ 28 സിംഗിൾ സീറ്റ് ഇ.എച്ച് (EH), എട്ട് ട്വിൻ സീറ്റ് ഡി.എച്ച് (DH) വിമാനങ്ങളിൽ നിലവിൽ 32 എണ്ണം മാത്രമേ സജീവമായുള്ളൂ എന്നാണ് ഫ്ലൈറ്റ് ഗ്ലോബലിന്റെ ഏറ്റവും പുതിയ ഡയറക്ടറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2025 മെയ് മാസത്തിലെ സംഘർഷത്തിനിടെ നാല് റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ പഴയ അവകാശവാദങ്ങളെ സാധൂകരിക്കാൻ പാകിസ്ഥാൻ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഈ റിപ്പോർട്ട് ആയുധമാക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.
എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് എയർ മാർഷൽ തിവാരി റിപ്പോർട്ടിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയത്. കഴിഞ്ഞ വർഷം പാകിസ്ഥാനുമായുള്ള സംഘർഷസമയത്ത് തകർന്നുവെന്ന് അവകാശപ്പെട്ട് ഇതേ സ്രോതസ്സുകൾ നൽകിയ പ്രത്യേക ടെയിൽ നമ്പറുകളിലുള്ള വിമാനങ്ങൾ പിന്നീട് അന്താരാഷ്ട്ര സൈനിക അഭ്യാസങ്ങളിൽ അടക്കം പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യോമസേനയിലെ ആദ്യ വനിതാ റഫാൽ പൈലറ്റായ സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗിനെ പാകിസ്ഥാൻ സൈന്യം പിടികൂടിയെന്ന വ്യാജവാർത്തയും ഇതേ സ്രോതസ്സുകളിൽ നിന്നാണ് വന്നതെന്നും, പിന്നീട് അംബാല വ്യോമതാവളത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം അവർ പ്രത്യക്ഷപ്പെട്ടതോടെ ആ നുണ പൊളിഞ്ഞതാണെന്നും തിവാരി ഓർമ്മിപ്പിച്ചു. ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയ മുൻ പതിപ്പിൽ 35 റഫാൽ വിമാനങ്ങൾ സജീവമാണെന്നാണ് ഫ്ലൈറ്റ് ഗ്ലോബൽ തന്നെ രേഖപ്പെടുത്തിയിരുന്നത് എന്ന വൈരുദ്ധ്യവും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
വിമാനങ്ങളുടെ എണ്ണം കുറഞ്ഞതിന് യാതൊരു തെളിവോ വിശദീകരണമോ നൽകാതെയാണ് ഫ്ലൈറ്റ് ഗ്ലോബൽ പട്ടിക പുതുക്കിയിരിക്കുന്നത്. കൂടാതെ, പ്രസിദ്ധീകരിക്കുന്ന വിവരങ്ങളുടെ കൃത്യതയ്ക്ക് നിയമപരമായ ഉത്തരവാദിത്തമില്ലെന്ന മുന്നറിയിപ്പും റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 36 റഫാൽ വിമാനങ്ങൾക്കും ‘ബ്രിഡ്ജ് സപ്പോർട്ട്’ നൽകുന്നതിനായി ഇന്ത്യൻ വ്യോമസേന പുറപ്പെടുവിച്ച ടെൻഡർ വിവരങ്ങൾ വ്യോമസേനയുടെ മുഴുവൻ വിമാനങ്ങളും പ്രവർത്തനക്ഷമമാണെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒപ്പിടുകയും 114 അധിക വിമാനങ്ങൾ കൂടി വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ, വ്യാജ പ്രചാരണങ്ങൾ കൊണ്ട് ഇന്ത്യയുടെ പ്രതിരോധ കരുത്തിനെ മറയ്ക്കാനാവില്ലെന്നാണ് പ്രതിരോധ വൃത്തങ്ങളുടെ നിലപാട്.








