ജയ്പൂർ: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുകളിൽ ഭാരതീയ ജനതാ പാർട്ടി ശക്തമായ ജനപിന്തുണ ഉറപ്പിച്ചു മുന്നേറുന്നു. പ്രാദേശിക കക്ഷികളായ ആർഎൽപി , ബിഎപി എന്നിവരുടെ വെല്ലുവിളികൾക്കിടയിലും സംസ്ഥാനത്തുടനീളം 1,795-ലധികം പഞ്ചായത്ത് സമിതി വാർഡുകളിലും 83-ലധികം ജില്ലാ പരിഷത്ത് വാർഡുകളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയക്കൊടി പാറിച്ചു.
വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ വ്യക്തമായ മുൻതൂക്കം നേടിയ ബിജെപി, വിവിധ ജില്ലകളിലെ പ്രധാന പഞ്ചായത്ത് സമിതികളിലും ജില്ലാ പരിഷത്ത് വാർഡുകളിലും ആധിപത്യം നിലനിർത്തി. നിലവിൽ ഫലം പ്രഖ്യാപിച്ച 80-ലധികം പഞ്ചായത്ത് സമിതികളിലും 8 ജില്ലാ പരിഷത്തുകളിലും ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയിട്ടുണ്ട്.
ചുരു ജില്ലാ പരിഷത്ത് വാർഡുകളിൽ മുതിർന്ന ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡിന്റെ മകനും മരുമകളും മികച്ച വിജയം നേടി. മുൻ മന്ത്രി പ്രഭുലാൽ സൈനിയുടെ മകൻ മനീഷും തിരഞ്ഞെടുപ്പിൽ വിജയിച്ചു.
ജയ്പൂർ ജില്ലാ പരിഷത്തിലെ നിർണ്ണായക വാർഡുകളിലും അജ്മീർ, ബാലോത്ര, ബാർമർ, സവായ് മധോപൂർ തുടങ്ങിയ ജില്ലകളിലെ നിരവധി പഞ്ചായത്ത് സമിതി വാർഡുകളിലും ബിജെപി സ്ഥാനാർത്ഥികൾ ഉജ്ജ്വല വിജയം കരസ്ഥമാക്കി.
കോട്ട, ബാരൻ, ശ്രീ ഗംഗാനഗർ, കരൗലി എന്നീ നാല് പ്രധാന ജില്ലകളിലെ വോട്ടെണ്ണൽ ഡിസംബർ 17-ന് നടക്കാനിരിക്കുകയാണ്. ഈ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതോടെ മൊത്തം സീറ്റ് നിലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം.41 ജില്ലകളിലായി 1,403 ജില്ലാ പരിഷത്ത് വാർഡുകളിലേക്കും 8,245 പഞ്ചായത്ത് സമിതി വാർഡുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.
നിലവിലെ സീറ്റ് നില
കോൺഗ്രസ് (2,990), ബിജെപി (1,795), സ്വതന്ത്രർ (516), ആർഎൽപി (438), ബിഎപി (215).
ജില്ലാ പരിഷത്ത്: കോൺഗ്രസ് (143), ബിജെപി (83), സ്വതന്ത്രർ (5), ആർഎൽപി (4), സിപിഐ(എം) (3).
പ്രാദേശിക ഘടകങ്ങളും സ്വതന്ത്ര സ്ഥാനാർത്ഥികളും വോട്ടുകൾ ഭിന്നിപ്പിച്ച സാഹചര്യത്തിലും ഗ്രാമീണ രാജസ്ഥാനിൽ പാർട്ടിയുടെ സംഘടനാ കരുത്ത് തെളിയിക്കുന്നതാണ് ഈ വിജയങ്ങളെന്ന് ബിജെപി കേന്ദ്രങ്ങൾ വിലയിരുത്തുന്നു.











