ഇന്ത്യൻ വ്യോമസേനയുടെ (IAF) പക്കലുള്ള 36 റഫാൽ യുദ്ധവിമാനങ്ങളിൽ നാലെണ്ണം കുറവാണെന്ന ബ്രിട്ടീഷ് വ്യോമയാന മാസികയായ ‘ഫ്ലൈറ്റ് ഗ്ലോബലിന്റെ’ പുതിയ റിപ്പോർട്ടിന് പിന്നാലെ, വ്യോമസേനയിലെ ആദ്യ വനിതാ റഫാൽ പൈലറ്റായ സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗിനെതിരായ പഴയ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു. 2027-ലെ ‘വേൾഡ് എയർ ഫോഴ്‌സ്’ ഡയറക്ടറിയിൽ ഇന്ത്യയുടെ സജീവ റഫാൽ വിമാനങ്ങളുടെ എണ്ണം 32 ആയി കുറച്ചു കാണിച്ചതോടെ, കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂറിനിടെ’ ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ പഴയ നുണകൾക്ക് വീണ്ടും ജീവൻ വെക്കുകയായിരുന്നു. എന്നാൽ, റിപ്പോർട്ടിലെ കണക്കുകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ മുൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ നർമ്മദേശ്വർ തിവാരി (വിരമിച്ച), ശിവാംഗി സിംഗിനെ പാകിസ്ഥാൻ പിടികൂടിയെന്ന വ്യാജവാർത്ത ചമച്ച അതേ സ്രോതസ്സുകളാണ് ഈ പുതിയ കണക്കുകൾക്ക് പിന്നിലെന്നും തുറന്നടിച്ചു.
2025 മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘർഷത്തിനിടെ ശിവാംഗി സിംഗ് പറത്തിയിരുന്ന റഫാൽ വിമാനം വെടിവെച്ചിട്ടതായും അവരെ പാകിസ്ഥാൻ സൈന്യം യുദ്ധത്തടവുകാരിയായി (PoW) പിടികൂടിയതായും പാക് അനുകൂല കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം പുഞ്ചിരിയോടെ നിൽക്കുന്ന ശിവാംഗി സിംഗിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ പാകിസ്ഥാന്റെ ഈ കള്ളപ്രചാരണം ലോകത്തിന് മുന്നിൽ നാണംകെട്ടിരുന്നു. അന്ന് തകർന്നുവെന്ന് പാകിസ്ഥാൻ അവകാശപ്പെട്ട പ്രത്യേക ടെയിൽ നമ്പറുകളിലുള്ള റഫാൽ വിമാനങ്ങൾ പിന്നീട് പല അന്താരാഷ്ട്ര സൈനിക അഭ്യാസങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്നും എയർ മാർഷൽ തിവാരി ചൂണ്ടിക്കാട്ടി.
ഫ്ലൈറ്റ് ഗ്ലോബൽ റിപ്പോർട്ടിനായി വിവരങ്ങൾ ശേഖരിച്ച ‘സിറിയം’ (Cirium) എന്ന സ്ഥാപനം പൊതുഇടങ്ങളിലെ ദൃശ്യങ്ങളും ഓപ്പൺ സോഴ്‌സ് വിവരങ്ങളും അടിസ്ഥാനമാക്കിയാണ് കണക്കുകൾ തയ്യാറാക്കുന്നത്. ദീർഘകാല അറ്റകുറ്റപ്പണികൾക്കോ നവീകരണത്തിനോ വേണ്ടി മാറ്റുന്ന വിമാനങ്ങൾ 12 മാസത്തോളം പൊതുഇടങ്ങളിൽ കാണപ്പെട്ടില്ലെങ്കിൽ അവയെ സജീവ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. കൂടാതെ, ഇന്ത്യയുടെ പക്കലുള്ള 260-ഓളം സുഖോയ്-30 എം.കെ.ഐ വിമാനങ്ങളുടെ എണ്ണം 263 ആയി തെറ്റായി രേഖപ്പെടുത്തിയതും ഈ റിപ്പോർട്ടിലെ വിശ്വാസ്യതയില്ലായ്മ വ്യക്തമാക്കുന്നു. 36 റഫാൽ വിമാനങ്ങൾക്കും സാങ്കേതിക സഹായം നൽകാനുള്ള വ്യോമസേനയുടെ പുതിയ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ, വ്യാജവാർത്തകളിലൂടെ ഇന്ത്യൻ സൈന്യത്തിന്റെ ആത്മവീര്യം തകർക്കാൻ കഴിയില്ലെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.









