ന്യൂഡൽഹി ∙ 2008 നവംബർ 26-ന് മുംബൈയിലുണ്ടായ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായ നിരപരാധികൾക്കും ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2008-ൽ ഇതേ ദിവസം മുംബൈയിലുണ്ടായ ഭീരുത്വപരമായ ഭീകരാക്രമണം രാജ്യത്തെ മുഴുവൻ നടുക്കിയ ഒന്നായിരുന്നുവെന്ന് അമിത് ഷാ എക്സിൽ (X) കുറിച്ചു. ഭീകരർക്ക് തകർപ്പൻ മറുപടി നൽകുന്നതിനിടെ ജീവൻ ബലിയർപ്പിച്ച ധീരസൈനികരെ സല്യൂട്ട് ചെയ്യുന്നുവെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ട എല്ലാ നിരപരാധികൾക്കും പ്രണാമമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
26/11 വാർഷിക ദിനത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചു. ഭീകരതയുടെ എല്ലാ രൂപങ്ങളെയും ചെറുത്തുതോൽപ്പിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരതയോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത (Zero tolerance) നിലപാടാണ് ഇന്ത്യയ്ക്കുള്ളതെന്നും ജയശങ്കർ എക്സിലൂടെ ഓർമ്മിപ്പിച്ചു. മുംബൈയിലെ രക്തസാക്ഷി സ്മാരകത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പുഷ്പചക്രം അർപ്പിച്ച് ആദരമർപ്പിച്ചു.
2008 നവംബർ 26-ന് പാകിസ്ഥാനിൽ നിന്നും കടൽമാർഗം മുംബൈയിലെത്തിയ ലഷ്കർ-ഇ-ത്വയ്ബ ഭീകരർ നടത്തിയ ആക്രമണം ഏകദേശം 60 മണിക്കൂറോളം നീണ്ടുനിന്നിരുന്നു. താജ്മഹൽ പാലസ് ഹോട്ടൽ, ഒബ്‌റോയ് ട്രൈഡന്റ്, ഛത്രപതി ശിവാജി ടെർമിനസ്, നരിമാൻ ഹൗസ് എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ വിദേശികളടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. മുന്നൂറിലധികം പേർക്ക് പരിക്കേറ്റു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ഒൻപത് ഭീകരർ കൊല്ലപ്പെടുകയും, ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ പിന്നീട് 2012-ൽ തൂക്കിലേറ്റുകയും ചെയ്തു.









