അമേരിക്കയിലെ അയോവയിലുള്ള ആർമി അമ്മ്യൂണിഷൻ പ്ലാന്റിൽ കാലപ്പഴക്കം ചെന്ന അഞ്ച് ടണ്ണോളം ബോംബ് നിർമ്മാണ രാസവസ്തുക്കൾ യുഎസ് സൈന്യം നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിച്ചു. മിഡിൽടൗണിലെ സൈനിക കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന 68 ബാരൽ ‘ലെഡ് അസൈഡ്’ എന്ന അതീവ അപകടകാരിയായ രാസവസ്തുവാണ് ബുധനാഴ്ച രാവിലെ തകർത്തത്. സ്ഫോടനത്തിന് പിന്നാലെ കിലോമീറ്ററുകൾ അകലെ നിന്ന് പോലും കാണാവുന്ന രീതിയിൽ കറുത്ത പുകപടലങ്ങൾ ആകാശത്തേക്ക് ഉയർന്നു.
കാലപ്പഴക്കം കാരണം ഈ രാസവസ്തുക്കൾ ഏതുനിമിഷവും സ്വയം പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാലാണ് അടിയന്തരമായി സ്ഫോടനം നടത്തിയതെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നത് വലിയ അപകടത്തിന് വഴിവെക്കുമെന്നതിനാലാണ് പ്ലാന്റിൽ വെച്ച് തന്നെ ഇവ നശിപ്പിക്കാൻ തീരുമാനിച്ചത്.
വിഷാംശമുള്ള ലെഡ് അടങ്ങിയ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ പടരുമെന്ന ആശങ്കയെ തുടർന്ന് പ്രദേശവാസികൾക്കും പരിസ്ഥിതി സംഘടനകൾക്കും ഇടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാണെന്ന് വിലയിരുത്തിയ ഫെഡറൽ അപ്പീൽ കോടതി സ്ഫോടനത്തിന് അനുമതി നൽകുകയായിരുന്നു. പൊടിപടലങ്ങൾ പുറത്തേക്ക് പടരുന്നത് തടയാൻ ബങ്കറുകൾക്ക് ചുറ്റും രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തിൽ മണൽച്ചാക്കുകളും കോൺക്രീറ്റ് ഭിത്തികളും നിർമ്മിച്ചിരുന്നു. കൂടാതെ പുക അടക്കാനായി പ്രത്യേക ഫോമുകളും മൂന്ന് ലക്ഷത്തിലധികം ലിറ്റർ വെള്ളവും ഉപയോഗിച്ചതായി ആക്ടിംഗ് ആർമി സെക്രട്ടറി ആദം ടെല്ലെ അറിയിച്ചു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്ലാന്റിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള താമസക്കാരോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. മുപ്പത് കിലോമീറ്റർ അകലെയുള്ളവർ വീടിനുള്ളിൽ തന്നെ കഴിയണമെന്നും ജനലുകളും വാതിലുകളും അടച്ചിടണമെന്നും അടിയന്തര മുന്നറിയിപ്പ് നൽകി. കാറ്റിന്റെ ഗതി അനുസരിച്ച് വിഷപ്പുക അയൽസംസ്ഥാനമായ മിസോറിയിലേക്ക് നീങ്ങാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. വരും മണിക്കൂറുകളിൽ വായുവിന്റെ ഗുണനിലവാരം പരിശോധിച്ച ശേഷമായിരിക്കും നിയന്ത്രണങ്ങളിൽ ഇളവ് നൽകുക.












