കൊൽക്കത്ത: രണ്ട് പതിറ്റാണ്ട് മുമ്പ് പശ്ചിമ ബംഗാളിന്റെ വ്യാവസായിക സ്വപ്നങ്ങൾ തകർന്നടിഞ്ഞ സിംഗൂരിൽ പുതിയ വ്യാവസായിക കുതിപ്പിന് ചുക്കാൻ പിടിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. ടാറ്റാ മോട്ടോഴ്‌സിന്റെ നാനോ കാർ നിർമ്മാണ പ്ലാന്റിനായി അന്ന് ഏറ്റെടുത്ത അതേ 997 ഏക്കർ ഭൂമിയിൽ അശോക് ലെയ്‌ലൻഡിന്റെ (Ashok Leyland) ട്രക്ക് നിർമ്മാണ ഫാക്ടറി സ്ഥാപിക്കാനാണ് ബംഗാൾ സർക്കാർ ലക്ഷ്യമിടുന്നത്. വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലൻഡ് സിംഗൂരിൽ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ പ്രഖ്യാപിച്ചതിന് പിന്നാലെ, സംസ്ഥാന വ്യാവസായിക വികസന കോർപ്പറേഷൻ (WBIDC) ഈ 997 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി സുവേന്ദു അധികാരിയും വ്യക്തമാക്കി.
വൻകിട വ്യവസായങ്ങൾക്ക് അനുകൂലമല്ലാത്ത സംസ്ഥാനം എന്ന ചീത്തപ്പേര് മാറ്റിയെടുക്കുകയാണ് ബിജെപി സർക്കാരിന്റെ പ്രധാന ലക്ഷ്യം. തമിഴ്‌നാടും ഗുജറാത്തും അതിവേഗം വ്യവസായവൽക്കരണ പാതയിൽ കുതിച്ചപ്പോൾ, ദശാബ്ദങ്ങളായി ബംഗാൾ നേരിട്ട വ്യാവസായിക തളർച്ചയാണ് ഇതിലൂടെ മറികടക്കാൻ ശ്രമിക്കുന്നത്. 34 വർഷത്തെ ഇടതുമുന്നണി ഭരണകാലത്തും തുടർന്ന് വന്ന 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണകാലത്തും സംസ്ഥാനത്തിന്റെ വ്യാവസായിക അടിത്തറ ദുർബലമാകുന്ന കാഴ്ചയാണ് കണ്ടതെന്നും, ആ പ്രതിച്ഛായ തിരുത്തിയെഴുതാൻ സിംഗൂരിനേക്കാൾ മികച്ച മറ്റൊരു പ്രതീകമില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ വിലയിരുത്തുന്നത്.
അശോക് ലെയ്‌ലൻഡിന് പുറമെ നിരവധി കെമിക്കൽ കമ്പനികളും സിംഗൂരിൽ നിക്ഷേപം നടത്താൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബംഗാൾ ധനമന്ത്രി വ്യക്തമാക്കി. വ്യാവസായിക-നിക്ഷേപ നയം ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു. എങ്കിലും പദ്ധതികൾ ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണെന്നും അന്തിമ തീരുമാനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നും അധികൃതർ അറിയിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കർഷകരുമായി ചർച്ചകൾ നടത്താനും ഹൂഗ്ലി ജില്ലാ ഭരണകൂടത്തെയും ഡബ്ല്യുബിഐഡിസിയെയും (WBIDC) ചുമതലപ്പെടുത്തിയിട്ടുണ്ട്. സിംഗൂരിൽ വ്യവസായം വരുമെന്ന പ്രതീക്ഷ ശക്തമായതോടെ പ്രദേശത്തെ ഭൂമി വില കുത്തനെ ഉയർന്നിട്ടുണ്ട്.
ഏകദേശം 20 വർഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ മുൻകൈയെടുത്ത് നടപ്പിലാക്കിയ വ്യാവസായിക നയത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു സിംഗൂരിലെ 997 ഏക്കർ ഭൂമി. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ ടാറ്റ നാനോ നിർമ്മിക്കാനായി ടാറ്റാ മോട്ടോഴ്‌സ് ഇവിടെ പ്ലാന്റ് തുടങ്ങാൻ നീക്കം നടത്തിയെങ്കിലും, കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ കർഷക പ്രക്ഷോഭത്തെത്തുടർന്ന് 2006-ൽ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ടാറ്റാ മോട്ടോഴ്‌സ് പ്ലാന്റ് ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റുകയായിരുന്നു.
ഇടതുപക്ഷത്തിന്റെ വ്യാവസായിക സ്വപ്നങ്ങൾ തകർന്ന അതേ മണ്ണിൽ തന്നെയാണ് സുവേന്ദു അധികാരിയും പുതിയ വാഹന നിർമ്മാണ ഫാക്ടറിയിലൂടെ ബംഗാളിന്റെ വ്യാവസായിക ഭാവി തേടുന്നത്. കൃഷിഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളും നിയമക്കുരുക്കുകളും രാഷ്ട്രീയ എതിർപ്പുകളും മറികടന്ന് സുവേന്ദു അധികാരിക്ക് സിംഗൂരിൽ അശോക് ലെയ്‌ലൻഡ് പ്ലാന്റ് യാഥാർത്ഥ്യമാക്കാൻ കഴിയുമോ എന്നാണ് രാഷ്ട്രീയ-വ്യാവസായിക ലോകം ഉറ്റുനോക്കുന്നത്.









