ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുൻ ഔദ്യോഗിക വസതിയായ ഫ്ലാഗ്സ്റ്റാഫ് റോഡിലെ ബംഗ്ലാവ് ഡൽഹി സർക്കാർ മാധ്യമങ്ങൾക്കായി തുറന്നുകൊടുത്തു. ‘ശീഷ് മഹൽ’ എന്ന് വിശേഷിപ്പിക്കുന്ന ഈ കെട്ടിടത്തിലെ ആഡംബര സൗകര്യങ്ങളും വിലകൂടിയ ഫർണിച്ചറുകളും പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) പ്രദർശിപ്പിച്ചു. 11.56 ലക്ഷം രൂപ വിലയുള്ള ചാൻഡലിയർ, 5.47 ലക്ഷം രൂപയുടെ സോഫ, 6.79 ലക്ഷം രൂപയുടെ സെന്റർ ടേബിൾ, 5.69 ലക്ഷം രൂപയുടെ കർട്ടനുകൾ, 10 ലക്ഷം രൂപയുടെ വട്ടമേശകൾ എന്നിവ ഉൾപ്പെടെയുള്ളവയാണ് മാധ്യമങ്ങൾക്ക് മുന്നിൽ വെച്ചത്.
കെട്ടിടത്തിന്റെ നവീകരണത്തിനും അലങ്കാരത്തിനുമായി ആകെ 58.83 കോടി രൂപ ചെലവഴിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എട്ട് കിടപ്പുമുറികൾ, 12 ശുചിമുറികൾ, ജക്കുസി, സ്പാ, ജിം, അഞ്ച് ഒഎൽഇഡി ടിവികൾ, വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്ത മാർബിൾ, സ്മാർട്ട് ലൈറ്റിംഗ് സംവിധാനം എന്നിവയെല്ലാം ഈ ബംഗ്ലാവിലുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് ജനങ്ങൾ പ്രയാസപ്പെടുമ്പോഴാണ് പൊതുപണം ചെലവഴിച്ച് ഇത്തരം ആഡംബര സൗകര്യങ്ങൾ ഒരുക്കിയതെന്ന് മന്ത്രിമാരായ പർവേഷ് വർമ്മയും കപിൽ മിശ്രയും ആരോപിച്ചു. കെജ്‌രിവാൾ ഒഴിഞ്ഞതിന് ശേഷം കെട്ടിടത്തിൽ യാതൊരു മാറ്റങ്ങളും വരുത്തിയിട്ടില്ലെന്നും എല്ലാ സാധനങ്ങളുടെയും ബില്ലുകൾ കൈവശമുണ്ടെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നുമാണ് ആം ആദ്മി പാർട്ടിയുടെ നിലപാട്.
വരും ദിവസങ്ങളിൽ പൊതുജനങ്ങൾക്കും ഈ ബംഗ്ലാവ് സന്ദർശിക്കാൻ അവസരം നൽകുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. ഏകദേശം 20 രൂപയായിരിക്കും പ്രവേശന ടിക്കറ്റ് നിരക്ക് എന്നും മുതിർന്ന പൗരന്മാർക്കും കോളേജ് വിദ്യാർത്ഥികൾക്കും സൗജന്യ പ്രവേശനം നൽകുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. പൊതുജന സന്ദർശനത്തിന് ശേഷം കെട്ടിടം സർക്കാർ ഗസ്റ്റ് ഹൗസായോ സാംസ്കാരിക കേന്ദ്രമായോ മാറ്റാനും സ്വകാര്യ ഹോസ്പിറ്റാലിറ്റി സ്ഥാപനത്തെ നടത്തിപ്പ് ഏൽപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.









