കണ്ണൂർ: ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ പയ്യന്നൂരിലെ സിപിഎം നേതാവ് ടി.ഐ. മധുസൂദനൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയാകുന്നു. മധുസൂദനന്റെ പ്രസംഗം കേവലം ഒരു പരാജിതന്റെ ജല്പനമായി മാത്രം കാണാനാവില്ലെന്നും, അത് പ്രാകൃതവും സ്വയം വളരാൻ വിസമ്മതിക്കുന്ന ഒരു മനുഷ്യന്റെ ശബ്ദവുമാണെന്നാണ് കുറിപ്പിൽ രൂക്ഷമായി വിമർശിക്കുന്നത്. ഒരിക്കലും പാർട്ടി തോൽക്കില്ലെന്ന് കരുതിയ പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ സ്വയം മത്സരിച്ച് പാർട്ടിയെ തോൽപ്പിച്ച നേതാവാണ് അദ്ദേഹമെന്ന തിരിച്ചറിവിൽ നിന്നുണ്ടാകുന്ന ആത്മനിന്ദയും ക്ഷോഭവും മാത്രമല്ല ഈ വാക്കുകൾക്ക് പിന്നിലെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.
രക്തസാക്ഷി സി.വി. ധനരാജിന്റെ വീട്ടിൽ 2017-ൽ പുസ്തകരചനയുടെ ഭാഗമായി പോയിട്ടുണ്ടെന്നും ഭാര്യ സജിനിയോട് സംസാരിച്ചിട്ടുണ്ടെന്നും ഓർമ്മിപ്പിക്കുന്ന കുറിപ്പിൽ, കോടതി വിധിക്ക് ശേഷം സജിനി പറഞ്ഞ വാക്കുകളാണ് ഈ കാലഘട്ടത്തിന് യോജിച്ച നല്ല രാഷ്ട്രീയമെന്ന് വ്യക്തമാക്കുന്നു. സമൂഹം മാറിച്ചിന്തിക്കണമെന്നും, ഇനി ഒരു കുടുംബത്തിന്റെയും കണ്ണീർ വീഴരുതെന്നും, പറഞ്ഞുതീർക്കാൻ പറ്റാത്ത പ്രശ്നങ്ങളില്ലെന്നുമാണ് സജിനി പറഞ്ഞത്. അത് ഈ കാലഘട്ടത്തിനിണങ്ങുന്ന പക്വമായ രാഷ്ട്രീയ കാഴ്ചപ്പാടാണെന്നാണ് കുറിപ്പിന്റെ വിലയിരുത്തൽ.
രാജ്യത്തൊട്ടാകെ ജെൻസി നേതൃത്വം നൽകുന്ന പോരാട്ടങ്ങൾ പുതിയ പ്രതീക്ഷകളും ആവേശവും പകരുന്ന കാലഘട്ടമാണിതെന്നും പോസ്റ്റിൽ പറയുന്നു. ഒരു ഫാഷിസ്റ്റ് ഭരണകൂടം തങ്ങളുടെ ആവനാഴിയിലുള്ള എല്ലാ സാമഗ്രികളും ഉപയോഗിച്ച് ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുമ്പോൾ, അതിനെ ചെറുക്കാൻ ഉയർന്നുവരുന്നത് യുവാക്കളുടെയും കൗമാരക്കാരുടെയും ആധിപത്യമുള്ള ആദർശനിഷ്ഠയുടെ രാഷ്ട്രീയമാണ്. അവരുടെ ഭാഷ വ്യത്യസ്തമാണ്; നിശ്ചയദാർഢ്യത്തിൽ നിന്നും പ്രായത്തിൽ കവിഞ്ഞ പക്വതയിൽ നിന്നും വരുന്നവയാണ്. മാത്രമല്ല സമയോചിതവുമാണ്. അവരെ സ്ഥിരം കാണുന്ന ഒരാളെന്ന നിലയിൽ, അവരുടെ തിരിച്ചറിവും പാണ്ഡിത്യവും ഔചിത്യവും പോരാട്ടവീര്യവും മുൻതലമുറകളേക്കാൾ ഉന്നതമാണെന്നും ഈ കാലഘട്ടത്തിന് ചേർന്നതാണെന്നും പറയേണ്ടി വരികയാണെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
2018-ൽ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് പുസ്തകമെഴുതിയപ്പോൾ അതിനെതിരായി ചില വ്യക്തികൾ ഉയർത്തിയ ആരോപണങ്ങൾ ഒന്നൊന്നായി മുനയൊടിഞ്ഞ് ചാരമായ കാഴ്ചയാണ് കണ്ണൂരും കേരളവും കണ്ടതെന്നും കുറിപ്പ് ഓർമ്മിപ്പിക്കുന്നു. ഒരുകാലത്ത് മാർക്സിസ്റ്റ് പാർട്ടിക്ക് പ്രതിരോധം തീർക്കേണ്ടി വന്നിട്ടുണ്ടെന്നത് സത്യമാണെങ്കിലും, പിന്നീട് ആ രാഷ്ട്രീയരീതി അഹങ്കാരവും ‘താനിസവും’ അവനവനിസവും തോന്ന്യാസവുമായി മാറുകയായിരുന്നുവെന്നും വിമർശനമുണ്ട്.
പ്രാദേശിക തലത്തിൽ സ്വന്തം രക്ഷയ്ക്കായി നേതാക്കൾ നടത്തുന്ന ഇത്തരം പ്രകോപനപരമായ ആഹ്വാനങ്ങൾ കേരളത്തിലെയും ഇന്ത്യയിലെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറയെയാണ് ഇളക്കുന്നതെന്നും, ഇതൊരു നേതാവിന്റെ മാത്രം പ്രശ്നമായി കാണുന്നില്ലെന്നും പോസ്റ്റിൽ പറയുന്നു. നേതൃസ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള തന്ത്രമായി പല കാലങ്ങളിലും പലരും ഇത്തരം രീതികൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ദൃശ്യമാധ്യമങ്ങളും യൂട്യൂബും സമൂഹമാധ്യമങ്ങളും സജീവമായ ഇന്നത്തെ ഇന്ത്യയിൽ അതൊന്നും ഫലിക്കില്ലെന്നു മാത്രമല്ല, തിരിച്ചടി ഭീകരമായിരിക്കുമെന്നും കുറിപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇത്തരം പ്രവണതകൾക്കെതിരെ പാർട്ടി നേതൃത്വം ഉയർന്നു പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും, ഇത്തരം നേതാക്കളെ പെൻഷൻ കൊടുത്ത് വീട്ടിലിരുത്താൻ പാർട്ടി തീരുമാനിക്കണമെന്നും, അല്ലാത്തപക്ഷം ജനങ്ങൾ പാർട്ടിയിൽ നിന്ന് അകന്നകന്ന് അപ്രത്യക്ഷരാകുമെന്നും കുറിപ്പിൽ പറയുന്നു. കേരള മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞില്ലേ എന്ന ന്യായങ്ങൾ പറയാമെങ്കിലും, അദ്ദേഹം അങ്ങനെ പറഞ്ഞെങ്കിൽ ആ രീതിയിൽ സംസാരിക്കാതിരിക്കുക എന്നതാണ് നല്ല രാഷ്ട്രീയവും ബുദ്ധിപരമായ നീക്കവുമെന്നും ചൂണ്ടിക്കാണിക്കുന്നു. ജെൻസിയിൽ നിന്നാണ് പാഠങ്ങൾ പഠിക്കേണ്ടതെന്നും, മധുസൂദനന്റെ പ്രസംഗത്തെ അനുകൂലിക്കുന്നവർ തികഞ്ഞ ഉണ്ണാക്കന്മാരാണെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
അതേസമയം, ധനരാജ് വധക്കേസിൽ 16 പ്രതികളെ വെറുതെ വിട്ട കോടതി വിധിക്ക് പിന്നാലെ പയ്യന്നൂരിൽ നടന്ന ഡിവൈഎഫ്ഐ പരിപാടിയിലായിരുന്നു ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം. ചീമേനി സംഭവം പരാമർശിച്ചും വിധികർത്താവിനെതിരെയും സമൂഹമാധ്യമ വിമർശകർക്കെതിരെയും അദ്ദേഹം നടത്തിയ വെല്ലുവിളി വൻ വിവാദമായതിന് പിന്നാലെ, ഭീഷണിപ്പെടുത്തൽ, സമാധാനാന്തരീക്ഷം തകർക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.








