അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (ATS). പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി (Jaish-e-Mohammed) ബന്ധമുള്ള സംശയാസ്പദനായ ഭീകരനെ എടിഎസ് സംഘം അറസ്റ്റ് ചെയ്തു. വഡോദര ജില്ലയിലെ ജറോദ് ബസ് സ്റ്റാൻഡിന് സമീപത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ പക്കൽ നിന്നും ഒരു എകെ-47 (AK-47) റൈഫിളും 23 ജീവനുള്ള തിരകളും സുരക്ഷാസേന പിടിച്ചെടുത്തു.
അസം സ്വദേശിയാണ് പിടിയിലായതെന്നാണ് പ്രാഥമിക വിവരം. അനധികൃത ആയുധങ്ങളുമായി ഭീകരബന്ധമുള്ള ഒരാൾ മേഖലയിൽ എത്തിയതായുള്ള രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് ഗുജറാത്ത് എടിഎസ് പ്രത്യേക ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. ജറോദ് ബസ് സ്റ്റേഷൻ പരിസരത്ത് വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതും മാരകായുധങ്ങൾ കണ്ടെടുത്തതും.
അറസ്റ്റ് സ്ഥിരീകരിച്ച ഗുജറാത്ത് എടിഎസ്, വിഷയത്തിൽ വിപുലമായ അന്വേഷണവും തുടർനടപടികളും പുരോഗമിക്കുകയാണെന്ന് അറിയിച്ചു. അസമിൽ നിന്നും ഇയാൾ എപ്പോഴാണ് ഗുജറാത്തിലേക്ക് എത്തിയതെന്നും, എകെ-47 തോക്കും തിരകളും എവിടെ നിന്നാണ് ലഭിച്ചതെന്നും അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. ആയുധങ്ങൾ ആർക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്നും, സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് പദ്ധതിയിട്ടിരുന്നോ എന്നതടക്കമുള്ള നിർണ്ണായക വിവരങ്ങൾക്കായി പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ജൂലൈയിൽ ഗുജറാത്തിൽ നിന്നും മധ്യപ്രദേശിൽ നിന്നുമായി ജെയ്‌ഷെ മുഹമ്മദ് ബന്ധമുള്ള എട്ട് പേരെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അത്യാധുനിക ആയുധങ്ങളുമായി മറ്റൊരു ഭീകരൻ കൂടി വഡോദരയിൽ വലയിലായിരിക്കുന്നത്. സംഭവത്തെത്തുടർന്ന് വഡോദരയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. പ്രതിയുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികളുമായി ചേർന്ന് ഗുജറാത്ത് എടിഎസ് പരിശോധന ഊർജിതമാക്കി.








