റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി ഉത്തർപ്രദേശിലെ മഥുരയിലുള്ള വൃന്ദാവനിൽ പുണ്യപാവനമായ ഗോവർദ്ധൻ പരിക്രമ നടത്തി. രണ്ട് ദിവസത്തെ ആത്മീയ സന്ദർശനത്തിനായി എത്തിയ അദ്ദേഹം ജതിപുരയിലെ ശ്രീ ഗിരിരാജ് ജി മുഖാരവിന്ദ് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ദർശനവും നടത്തി. നാഥ്ദ്വാരയിലെ തിൽകായത്ത് ഗോസ്വാമി വിശാൽ ബാബയുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെ ആചാരങ്ങൾ നടന്നത്. ഭഗവാന് 280 കിലോഗ്രാം ഭാരമുള്ള 56 വിഭവങ്ങൾ അടങ്ങിയ ‘ഛപ്പൻ ഭോഗ്’ സമർപ്പിച്ച അദ്ദേഹം, ശയന ആരതിയിലും പങ്കെടുത്ത ശേഷമാണ് പ്രദക്ഷിണം ആരംഭിച്ചത്.
രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘായുസ്സിനുമായി താൻ പ്രാർത്ഥിച്ചതായി അനന്ത് അംബാനി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മുത്തച്ഛൻ ധീരുഭായ് അംബാനിയുടെയും മുത്തശ്ശി കോകിലാബെൻ അംബാനിയുടെയും അനുഗ്രഹവും മാർഗ്ഗനിർദ്ദേശവുമാണ് തന്നെ ഈ പുണ്യഭൂമിയിൽ എത്തിച്ചതെന്ന് അദ്ദേഹം വികാരാധീനനായി ഓർമ്മിച്ചു. മുത്തശ്ശിയായ കോകിലാബെന്നിന് വേണ്ടിയും താൻ ഇവിടെ പ്രാർത്ഥനകൾ നടത്തിയെന്നും, ശ്രീനാഥ്ജി നേരിട്ട് മുന്നിൽ നിൽക്കുന്നതുപോലുള്ള ആത്മീയ അനുഭൂതിയാണ് ഇവിടെ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിക്രമ പാതയിലുടനീളം പ്രദേശവാസികളും ഭക്തരും പുഷ്പവൃഷ്ടി നടത്തിയാണ് അദ്ദേഹത്തെ വരവേറ്റത്. രാജ്യസഭാ എംപി ധൻരാജ് പരിമൾ നത്വാനിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഭക്തിഗാനങ്ങൾക്കൊപ്പം ചുവടുവെച്ചും ഭക്തരോട് സംവദിച്ചും ലളിതമായ രീതിയിലായിരുന്നു അനന്ത് അംബാനിയുടെ തീർത്ഥാടനം. ശനിയാഴ്ച രാവിലെ ഗിരിരാജ് ജി ക്ഷേത്രത്തിൽ നടക്കുന്ന മഹാഭിഷേകത്തിലും വൃന്ദാവനിലെ പ്രസിദ്ധമായ ബങ്കെ ബിഹാരി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും.








