ദോഹ: ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് 2026-ന്റെ കലാശപ്പോരാട്ടത്തിൽ ശ്രീലങ്ക ‘എ’ ടീമിന് മുന്നിൽ 217 റൺസിന്റെ വിജയലക്ഷ്യം വെച്ച് പാകിസ്താൻ ‘എ’. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് നേടിയത്.
മികച്ച തുടക്കം ലഭിച്ചെങ്കിലും ശ്രീലങ്കൻ സ്പിന്നർമാർക്ക് മുന്നിൽ മധ്യനിര തകർന്നതാണ് പാകിസ്താന് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ ശക്തമായ നിലയിലായിരുന്ന പാകിസ്താൻ, സ്പിൻ കെണിയിൽ കുടുങ്ങിയതോടെ വിക്കറ്റുകൾ തുടർച്ചയായി നഷ്ടമാവുകയായിരുന്നു.
60 റൺസ് നേടിയ ഓപ്പണർ ഷഹസൈബ് ഖാനാണ് പാകിസ്ഥാൻ നിരയിലെ ടോപ് സ്കോറർ. ഷാമിൽ ഹുസൈൻ 40 റൺസും, ക്യാപ്റ്റൻ അബ്ദുൾ സമദ് 33 റൺസും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അവസാന ഓവറുകളിൽ നിർണ്ണായകമായ 37 റൺസ് കൂട്ടിച്ചേർത്ത റോഹെൽ നസീറിന്റെ ചെറുത്തുനിൽപ്പാണ് പാകിസ്താൻ സ്കോർ 200 കടത്തിയത്.












