ലഖ്നൗ: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗ വ്യാപനം ഒക്ടോബറിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മുൻകൂർ പ്രതിരോധ നടപടികൾ ശക്തമാക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ. ഇതിന്റെ ഭാഗമായി പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
ഉത്തർ പ്രദേശിൽ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ജൂൺ മാസം മുതൽ ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും വാക്സിൻ നൽകും. മാധ്യമ പ്രവർത്തകർക്കും ഇതോടൊപ്പം വാക്സിൻ നൽകും.
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷമായി പൂട്ടിക്കിടക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രി പുനരാരംഭിക്കാനും തീരുമാനമായതായി യോഗി ആദിത്യനാഥ് അറിയിച്ചു.
സംസ്ഥാനത്ത് പ്രതിരോധ നടപടികൾ ശക്തമായി മുന്നോട്ട് പോകുകയാണെന്നും അതിന്റെ ഫലമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.4 ശതമാനമായി കുറഞ്ഞതായും യോഗി ആദിത്യനാഥ് വ്യക്തമാക്കി.







