പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ പേർഷ്യൻ ഗൾഫിൽ ലൈബീരിയൻ പതാകയുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം. നവംബർ 10ന് നടന്ന സംഭവത്തിൽ ഇന്ത്യക്കാരനായ നാവികനടക്കം നാല് ജീവനക്കാർക്ക് പരിക്കേറ്റു. എംടി ഫുജൈറ എനർജി (MT Fujairah Energy) എന്ന കൂറ്റൻ എണ്ണക്കപ്പലിന് നേരെയാണ് അജ്ഞാത പ്രൊജക്ടൈൽ പതിച്ചത്. അൽ റുവൈസിൽനിന്ന് ദുബായിലേക്ക് സഞ്ചരിക്കുകയായിരുന്നു കപ്പൽ. ആകെ 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ ആറ് പേർ ഇന്ത്യക്കാരാണ്. ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ നാവികന് നിസാര പരിക്കുകളാണുള്ളത്. ഇയാളെ സുരക്ഷിതമായി കരയിലെത്തിച്ച് തുടർ ചികിത്സയ്ക്കായി മാറ്റിയതായി കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.
മറ്റ് മൂന്ന് ജീവനക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മറ്റ് 18 ജീവനക്കാരും സുരക്ഷിതരാണെന്നും ഇതിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കേന്ദ്ര സർക്കാർ നിരന്തരം നിരീക്ഷണം നടത്തിവരികയാണ്. കപ്പലിന്റെ മാനേജ്മെന്റ് കമ്പനിയുമായി അധികൃതർ ബന്ധം പുലർത്തുന്നുണ്ട്. ജീവനക്കാരുടെ സുരക്ഷയും ചികിത്സയും ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും (UKMTO) സംഭവത്തെക്കുറിച്ച് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കടൽമാർഗമുള്ള ചരക്കുനീക്കത്തിനും എണ്ണവിതരണത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. പേർഷ്യൻ ഗൾഫും ഹോർമുസ് കടലിടുക്കും വഴി സഞ്ചരിക്കുന്ന വാണിജ്യക്കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നു. നേരത്തെയും ഇന്ത്യൻ നാവികർ ജോലി ചെയ്തിരുന്ന വിദേശ പതാകയുള്ള കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിൽ 23 ഇന്ത്യൻ പൗരന്മാർ മരിച്ചതായും ഇതിൽ 15 പേർ നാവികരാണെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കടൽമാർഗമുള്ള സുരക്ഷയും ഇന്ത്യൻ നാവികരുടെ സംരക്ഷണവും ഉറപ്പാക്കാൻ ഇന്ത്യ നയതന്ത്രതലത്തിലും സമുദ്രസുരക്ഷാ തലത്തിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.












