കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കെതിരെ പൊലീസ് പരാതി. യ ആർഎസ്എസിനെ വെടിയുണ്ടക്കടത്ത് കേസുമായി ബന്ധിപ്പിക്കുന്ന തരത്തിൽ എഐ ഉപയോഗിച്ച് കൃത്രിമമായി തയ്യാറാക്കിയ ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചെന്നാരോപിച്ചാണ് പരാതി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സാമൂഹിക ഐക്യം തകർക്കാൻ മന്ത്രി ശ്രമിച്ചെന്നാണ് പരാതിക്കാരനായ തേജസ് എ. ഗൗഡയുടെ ആരോപണം. ബെംഗളൂരുവിലെ ബനശങ്കരി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. മന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ബിഹാറിലും ഹരിയാനയിലുമായി നടന്ന പരിശോധനകളിൽ 44,250 വെടിയുണ്ടകൾ പിടിച്ചെടുത്ത സംഭവമാണ് വിവാദത്തിന് പിന്നിൽ. ഈ കേസിലെ പ്രതികൾക്ക് ആർഎസ്എസുമായി ബന്ധമുണ്ടെന്ന സൂചന നൽകുന്ന ചിത്രമാണ് പ്രിയങ്ക് ഖാർഗെ പങ്കുവെച്ചത്. എന്നാൽ ചിത്രത്തിൽ എഐ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന ആരോപണം ഉയർന്നു. യഥാർഥ ചിത്രത്തിൽ പ്രതികളിൽ ഒരാളായ അഭിഷേക് തിവാരി മാത്രമാണ് ആർഎസ്എസ് യൂണിഫോമിൽ ഉണ്ടായിരുന്നതെന്നും പിന്നീട് പ്രചരിച്ച ചിത്രത്തിൽ മറ്റുള്ളവരെയും സമാന വേഷത്തിൽ കാണിക്കുന്ന തരത്തിൽ മാറ്റം വരുത്തിയെന്നുമാണ് റിപ്പോർട്ടുകൾ. ആയുധക്കടത്ത് വലിയ ദേശീയ സുരക്ഷാ പ്രശ്നമാണെന്നും സംഭവത്തിൽ ആർഎസ്എസും ബിജെപിയും വിശദീകരണം നൽകണമെന്നും ഖാർഗെ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പരാതിയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരം നിലവിലുള്ള ഭാരതീയ ന്യായ സംഹിതയിലെ 192, 196, 353 വകുപ്പുകൾ പ്രകാരം നടപടിയെടുക്കണമെന്നാണ് ആവശ്യം. കലാപത്തിന് പ്രേരണ നൽകൽ, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, പൊതുസമാധാനത്തെ ബാധിക്കുന്ന തരത്തിൽ തെറ്റായ പ്രസ്താവനകൾ നടത്തൽ തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. സമൂഹമാധ്യമ പോസ്റ്റുകളുടെ ഇലക്ട്രോണിക് രേഖകൾ ശേഖരിക്കണമെന്നും ബിഹാർ, ഹരിയാന പൊലീസുമായി ബന്ധപ്പെട്ട് ആയുധക്കടത്ത് കേസിന്റെ വിവരങ്ങൾ പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ പ്രിയങ്ക് ഖാർഗെയുടെയോ കോൺഗ്രസ് നേതൃത്വത്തിന്റെയോ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.











