കൊച്ചി: കേരളത്തിൽ വീണ്ടും മിണ്ടാപ്രാണികളോട് കൊടും ക്രൂരത. ഒന്നര വർഷത്തിനിടെ ഒരേ സ്ഥലത്ത് 12 പശുക്കളുടെ മേൽ ആസിഡ് ഒഴിച്ചു. എറണാകുളം ജില്ലയിലെ കവളങ്ങാട് പഞ്ചായത്തിലെ ചുള്ളിക്കണ്ടത്താണ് സംഭവം.
റബ്ബര്‍ പാല്‍ ഉറയിടുന്ന ഫോര്‍മിക്ക് ആസിഡാണ് പശുക്കളുടെ ദേഹത്ത് കോരിയൊഴിച്ചിരിക്കുന്നത്. തൊലി പൊളിഞ്ഞ് മാംസം പുറത്തേക്ക് തള്ളി വ്രണമായി മാറിയ അവസ്ഥയിലാണ് മിക്ക പശുക്കളും. മുറിവുകളുമായി മാസങ്ങളോളം ചികിത്സ നടത്തി ഭേദപ്പെടുത്തിയിടുത്ത പശുക്കള്‍ക്ക് നേരേ വീണ്ടും ആസിഡ് ആക്രമണം നടത്തുകയാണെന്ന് ഉടമസ്ഥർ പരിതപിക്കുന്നു.
സംഭവം പല തവണ ആവർത്തിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനോ ഇവർക്കെതിരെ നടപടി സ്വീകരിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. പിന്നിൽ മനോവൈകൃതമുള്ള സാമൂഹിക വിരുദ്ധരാണെന്നും നടപടി മനപ്പൂർവമാണെന്നും നാട്ടുകാർ പറയുന്നു.












