ലക്‌നൗ: ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഫുട്‌ബോൾ രാജാക്കൻമാർക്കായുളള കലാശപോരാട്ടം വീക്ഷിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വന്തം ട്വിറ്റർ അക്കൗണ്ടിലാണ് ലോകകപ്പ് ഫൈനൽ മത്സരം കാണുന്ന ചിത്രം യോഗി ട്വീറ്റ് ചെയ്തത്. നിമിഷ നേരങ്ങൾ കൊണ്ട് നൂറുകണക്കിന് ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.
ടെലിവിഷനിൽ തത്സമയം മത്സരം കാണുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യവുമായി ഫുട്‌ബോൾ ആരാധകരും കമന്റുകളിൽ നിറഞ്ഞു. സൂപ്പർ താരം മെസിയുടെ ചിത്രങ്ങൾ ഉൾപ്പെടെ കമന്റുകളിൽ പോസ്റ്റ് ചെയ്തവരും ഉണ്ട്.
രാത്രി 9.42 നാണ് യോഗി ചിത്രം പോസ്റ്റ് ചെയ്തത്. അര മണിക്കൂർ പിന്നിടുമ്പോഴേക്കും ലൈക്കുകൾ 14,000 കടന്നു. റീ ട്വീറ്റുകളും 2000 കടന്നു. ഫ്രാൻസ് – അർജന്റീന കലാശപോരാട്ടം ഫുട്‌ബോൾ ലോകകപ്പിലെ ക്ലാസിക് മത്സരങ്ങളിലൊന്നായിട്ടാണ് കരുതുന്നത്.
മോഹൻലാലും മമ്മൂട്ടിയും അടക്കം മലയാള സിനിമയിലെ മുൻനിര താരങ്ങൾ ഖത്തറിൽ മത്സരങ്ങൾ നേരിട്ട് കാണാൻ എത്തിയിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയനേതാക്കളും കലാശപ്പോരാട്ടം കാണാൻ ഖത്തറിലേക്ക് വണ്ടി കയറിയിരുന്നു.








