കോട്ടയം: ഉടമയുടെ വരവും കാത്ത് പാലാ പോലീസ് സ്റ്റേഷനിൽ കഴിയുന്ന ബീഗിൾ അൽപ്പം ആശങ്കയിലാണ്. രണ്ട് ദിവസത്തിനുള്ളിൽ ഉടമ വന്നില്ലെങ്കിൽ പോലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് ബീഗിളിന് പോകേണ്ടിവരും. അതുകൊണ്ട് തന്നെ മുതലാളീ ഒന്ന് വേഗം വരണേ…… എന്ന് മനസ്സിൽ പ്രാർത്ഥിക്കുകയാണ് ബീഗിൾ. അല്ലെങ്കിൽ ശിഷ്ടകാലം പോലീസിലെ വീരശൂര പരാക്രമികളായ നായ്ക്കൾക്കൊപ്പമാകും ഈ നായ്ക്കുട്ടിയുടെ ജീവിതം.
ഇന്നലെ രാവിലെയാണ് ഉടമയെ വിട്ട് പിരിഞ്ഞ ബീഗിൾ പാലാ പോലീസിന്റെ ‘ കസ്റ്റഡിയിൽ’ ആയത്. അലഞ്ഞ് തിരിയുന്നത് കണ്ട് രണ്ട് ചെറുപ്പക്കാർ നായ്ക്കുട്ടിയെ പാലാ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഉടമയ്ക്ക് വേണ്ടി ചിത്രം സഹിതം പോലീസ് അറിയിപ്പും നൽകി.
എന്നാൽ 24 മണിക്കൂർ പിന്നിട്ടിട്ടും ബീഗിളിനെ തേടി ഉടമ എത്തിയിട്ടില്ല. ഇതോടെയാണ് നായ്ക്കുട്ടിയെ പോലീസിന്റെ ശ്വാന വിഭാഗത്തിലേക്ക് കൈമാറാൻ തീരുമാനിച്ചത്. രണ്ട് ദിവസം കൂടി ഉടമയ്ക്ക് വേണ്ടി പോലീസ് കാക്കും. ഇതിന് ശേഷമാകും ശ്വാന വിഭാഗത്തിന് കൈമാറുക. നായയുടെ ഉടമസ്ഥർക്ക് 0482 2212334 എന്ന നമ്പറിൽ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാം.
Discussion about this post