തൃശ്ശൂർ: ശമ്പളം മുടങ്ങിയതോടെ കൂലിപ്പണിയ്ക്ക് പോകാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് വേറിട്ട പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഗതികേട് കൊണ്ടാണ് ഇത്തരത്തിൽ പ്രതിഷേധിച്ചതെന്ന് അജു പ്രതികരിച്ചു.
മൂന്ന് ദിവസത്തെ അവധിയാണ് അജു ചോദിച്ചിരിക്കുന്നത്. ശമ്പളം ലഭിക്കാത്തതിനാൽ കുടുംബം മുന്നോട്ട് പോകാത്ത അവസ്ഥയാണ് ഉള്ളത്. ഇതേ തുടർന്ന് ആയിരുന്നു കൂലിപ്പണിയ്ക്ക് പോകാൻ അവധി ചോദിച്ച് കത്ത് നൽകിയത്.
കുടുംബം പോറ്റാൻ നിവൃത്തിയില്ലെന്ന് അജു പറയുന്നു. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല. ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണ്. പിന്നീട് അവധി കത്ത് തിരികെ വാങ്ങിയെന്നും അജു കൂട്ടിച്ചേർത്തു.
ജീവനക്കാർ ഗതികേടിലായതിനെ തുടർന്ന് എല്ലാ മാസവും അഞ്ചാം തിയതിയ്ക്ക് മുൻപായി ശമ്പളം കൊടുക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ ഇതുവരെ ഈ മാസത്തെ ശമ്പളം ജീവനക്കാർക്ക് നൽകാൻ സാധിച്ചിട്ടില്ല. സർക്കാർ നൽകിവരുന്ന ധനസഹായം കൈമാറാത്തത് ആണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം എന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറയുന്നത്.












