കൊച്ചി: തന്റെ എല്ലാമെല്ലാമായ ആരാധകരോടൊത്ത് ഫാൻസ് അസോസിയേഷന്റെ 25 ാം വാർഷികം ആഘോഷിച്ച് നടൻ മോഹൻലാൽ. രാവിലെ പതിനൊന്നോട് കൂടി ആരംഭിച്ച പരിപാടി വൈകുന്നേരം ആറ് മണി കഴിഞ്ഞും തുടർന്നു. ആറായിരത്തിൽപരം ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് ക്ഷമയോടെ പോസ് ചെയ്താണ് അദ്ദേഹം മടങ്ങിയത്. ഓരോരുത്തരുടെ കൂടെയും പ്രത്യേകം പ്രത്യേകം ഫോട്ടോ എടുത്താണ് അദ്ദേഹം മടങ്ങിയത്.
അതോടൊപ്പം ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുയാണ് ലാലേട്ടന്റെ വാക്കുകൾ. പ്രതിസന്ധിയിൽ എന്റെ പിള്ളേരുണ്ടാടാ എന്ന താരത്തിന്റെ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ഏത് പ്രതിസന്ധിയിലും എനിക്ക് വിളിച്ച് പറയാൻ എന്റെ മനസ്സിൽ എന്റെ പിള്ളേരുണ്ടെടായെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.നെടുമ്പാശ്ശേരി സിയാൽ കൺവെഷൻ സെന്ററിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
തന്റെ ഫാൻസ് അസോസിയേഷനോട് അന്ന് താൻ വെച്ച ഏക നിബന്ധന മത്സരം പാടില്ല എന്നത് ആയിരുന്നുവെന്ന് മോഹൻലാൽ വ്യക്തമാക്കി. നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് എന്റെ സിനിമാ യാത്രയിൽ വലിയ സ്ഥാനമാണ്. സംഘടന ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയാണ്. നന്നായി പോകുന്നത് അദേഹത്തിന്റെ ഗുരുത്തമാണെന്ന് പറഞ്ഞ മോഹൻലാൽ ഒരുമിച്ച് നിൽക്കുമ്പോഴാണ് വളരാനാകുക എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം മോഹൻലാൽ നായകനായി ഇനി പ്രദർശനത്തിനെത്താനുള്ള ചിത്രം നേര് ആണ്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. നീതി തേടുന്നു എന്ന ടാഗ്ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് സ്‌ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. വീണ്ടും ജീത്തു മോഹൻലാൽ കുട്ടുകെട്ട് ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.പ്രിയാമണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നത്. ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയമണിയും ഒന്നിക്കുന്ന ചിത്രമാണ് നേര്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വി.എസ് വിനായക് ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകുന്നത് വിഷ്ണു ശ്യാം ആണ്.
Leave a Comment