പാലക്കാട് : പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. ആൽഫിൻ (6), എമി(4) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അമ്മ എൽസിയും മൂത്ത സഹോദരി അലീനയും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശിനി എൽസി മാർട്ടിനും മൂന്നു മക്കളുമാണ് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് എൽസിയുടെ വീട്ടുമുറ്റത്ത് വച്ചായിരുന്നു അപകടം. കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറില്‍ കയറി സ്റ്റാർട്ട് ചെയ്തതിനു പിന്നാലെ ഇവരുടെ പഴയ മാരുതി 800 കാർ പെട്ടിത്തെറിക്കുകയായിരുന്നു. കാറിന്റെ കാലപ്പഴക്കം മൂലം ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആയിരിക്കാം അപകടകാരണം എന്നാണ് കരുതപ്പെടുന്നത്.
ഏതാനും ആഴ്ചകൾക്ക് മുൻപാണ് എൽസിയുടെ ഭർത്താവ് മരിച്ചിരുന്നത്. ഇതിന് പിന്നാലെ ജോലിയിൽ നിന്നും അവധി എടുത്തിരുന്ന എൽസി കഴിഞ്ഞ ദിവസമാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കുട്ടികളോടൊപ്പം പുറത്തു പോകാനായി കാറിൽ കയറി സ്റ്റാർട്ട് ചെയ്തപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. ഏതാനും ആഴ്ചകളായി ഉപയോഗിക്കാതിരുന്ന കാർ ആണ് പൊട്ടിത്തെറിച്ചത്. ആൽഫിനെയും എമിയേയും 90%ത്തിലധികം പൊള്ളലോടെയാണ് ആശുപത്രിയിൽ എത്തിച്ചിരുന്നത്.
Discussion about this post