ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 ഇതിനകം തന്നെ ശ്രദ്ധേയമായ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്, ടീമുകൾ മറ്റൊരു തീവ്രമായ സീസണിനായി തയ്യാറെടുക്കുമ്പോൾ, കളിക്കാരുടെ ടീം മാറ്റങ്ങളിലാണ് ഏവരും ഇപ്പോൾ ശ്രദ്ധിക്കുന്നത്. തുടക്കം മുതൽ നിറഞ്ഞു നിൽക്കുന്ന ഒരു പേര് രാജസ്ഥാൻ റോയൽസിന്റെ (ആർആർ) ദീർഘകാല ക്യാപ്റ്റനായ സഞ്ജു സാംസന്റെയാണ്. അദ്ദേഹം ഒന്നിലധികം ഫ്രാഞ്ചൈസികളുടെയും റഡാറിലാണെന്നും, ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ)ആണ് താരത്തെ പ്രധാനമായി നോക്കുന്നത്.
ഒരു ദശാബ്ദത്തിലേറെയായി സാംസൺ രാജസ്ഥാന്റെ നട്ടെല്ലായി നിൽക്കുക ആയിരുന്നു. എന്നിരുന്നാലും ഈ കഴിഞ്ഞ സീസണിൽ താരവും ടീമും തമ്മിലുള്ള ബന്ധം അൽപ്പം മോശമായി എന്ന് തന്നെ പറയാൻ സാധിക്കും. അതിനാൽ തന്നെയാണ് സഞ്ജു ഒരു ടീം മാറ്റത്തിന് ശ്രമിക്കുന്നത്. ധോണിയുടെ പിൻഗാമി എന്ന നിലയിൽ താരം ചെന്നൈയിൽ എത്തും എന്നുള്ളത് ആയിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ.
കെകെആറിന്റെ സ്കൗട്ടിംഗ് മേധാവി ബിജു ജോർജ്, സഞ്ജു സാംസണൊപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടതോടെ ഊഹാപോഹങ്ങൾ മറ്റൊരു രീതിയിലായി”ചില ഓർമ്മകൾ പ്രത്യേകമാണ്” എന്ന അടിക്കുറിപ്പ് കൊൽക്കത്തയുടെ ആരാധകരെ ആവേശഭരിതരാക്കി. വരാനിരിക്കുന്ന ഒരു നീക്കത്തിന്റെ സൂക്ഷ്മ സൂചനയായി അവർ അതിനെ വ്യാഖ്യാനിച്ചു.
സഞ്ജുവോ കെകെആറോ പോസ്റ്റ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും സഞ്ജു കൊൽക്കത്തയിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല എന്ന് തന്നെ പറയാം. സമീപകാല സീസണുകളിൽ കെകെആർ നിരവധി നായകന്മാരെ പരീക്ഷിച്ചിട്ടുണ്ട്. അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ, നിതീഷ് റാണ എന്നിവരുൾപ്പെടെ ഒന്നിലധികം ക്യാപ്റ്റന്മാരെ അവർ പരീക്ഷിച്ചു. സാംസണെപ്പോലുള്ള ഒരു തെളിയിക്കപ്പെട്ട നേതാവിനെ ടീമിലെത്തിക്കുന്നത് ദീർഘകാല പരിഹാരവും ടീമിലേക്ക് പുതിയ ഊർജ്ജവും പകരും.
ചെന്നൈ സൂപ്പർ കിങ്‌സുമായി ബന്ധപ്പെട്ട ആളുകളും സഞ്ജുവിനെ ടീമിൽ എത്തിക്കാൻ താത്പര്യം ഉണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
Discussion about this post