പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ട ശ്രമം;അഖിൽ ജിത്ത് എത്തിയത് സഹോദരന് ജോലി കിട്ടാനോ?; പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

Published by
Brave India Desk

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്. തിരുവനന്തപുരം എസിജെഎം കോടതിയിലാണ് അപേക്ഷ നൽകിയത്. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവരാണ് ആൾമാറാട്ട കേസിലെ പ്രതികൾ.

കേസിൽ തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. തിങ്കളാഴ്ച ഇരു പ്രതികളെയും കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. സംഭവത്തിൽ പൂജപ്പുര പോലീസാണ് അന്വേഷണം നടത്തുന്നത്.

ആൾമാറാട്ടത്തിന്റെ വാർത്തകൾ പുറത്തുവരികയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ വെള്ളിയാഴ്ചയാണ് അമൽ ജിത്തും, അഖിൽ ജിത്തും കോടതിയിൽ കീഴടങ്ങിയത്. മുഖ്യപ്രതിയായ അമൽ ജിത്തിന് വേണ്ടി സഹോദരൻ അഖിൽ ജിത്താണ് ആൾമാറാട്ടം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. അഖിൽ ജിത്ത് അമൽ ജിത്തിന്റെ അനിയനാണ്. നേരത്തെ അഖിൽ ജിത്ത് പോലീസ്, ഫയർഫോഴ്‌സ് എഴുത്തുപരീക്ഷകൾ പാസായിരുന്നു. എന്നാൽ കായിക ക്ഷമതാ പരീക്ഷയിൽ പിന്തള്ളപ്പെടുകയായിരുന്നു. സഹോദരനെങ്കിലും ജോലി ലഭിക്കട്ടെ എന്ന ഉദ്ദേശത്തിലാണ് അഖിൽ ജിത്ത് അമൽ ജിത്തിനായി പരീക്ഷ എഴുതാൻ എത്തിയത് എന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം ആയിരുന്നു പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതാൻ എത്തിയ അഖിൽ ജിത്ത് ഹാൾടിക്കറ്റ് പരിശോധനയ്ക്കിടെ ഇറങ്ങി ഓടിയത്. ബയോമെട്രിക് മെഷീനുമായി അധികൃതർ പരിശോധനയ്ക്ക് എത്തിയപ്പോൾ ഉടനെ ഹാളിൽ നിന്നും മതിൽചാടി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ അമൽ ജിത്താണ് പരീക്ഷ എഴുതേണ്ടിയിരുന്നത് എന്നും, ഓടിയ ആൾ കയറി പോയത് യുവാവിന്റെ ബൈക്കിലാണെന്നും കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഇരുവരും കീഴടങ്ങിയത്.

Share
Leave a Comment

Recent News