രാജ്യത്തിനേറ്റ മുറിവാണ് പഹൽഗാം ഭീകരാക്രമണം. 26 സാധുജീവനുകളെടുത്തവരെ നിയമത്തിന് മുൻപിലെത്തിക്കാനായി അന്വേഷണം ശക്തിയായി പുരോഗമിക്കുകയാണ്. ആക്രമണത്തിന് ശേഷം ഭീകരർ ആകാശത്തേക്ക് വെടിയുതിർത്ത് ആഘോഷിച്ചെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി. ഭീകരാക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരാണ് ആകാശത്തേക്ക് വെടിവച്ച് ആഹ്ലാദപ്രകടനം നടത്തിയതെന്നാണ് ദൃക്‌സാക്ഷി മൊഴി.
ബൈസരൺ സ്വദേശിയാണ് സംഭവത്തിന്റെ പ്രധാന ദൃക്‌സാക്ഷി. സംഭവത്തിന്റെ വിശദമായ ചിത്രം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.ഭീകരർക്കാവശ്യമായ സഹായം നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്ത രണ്ട് പ്രദേശവാസികൾ ആക്രമണസമയത്ത് താഴ്വരയിൽ ഉണ്ടായിരുന്നതായി ഇയാൾ അന്വേഷണഏജൻസിയോട് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് ഭീകരരുടെ സാധനസാമഗ്രികൾ ഇവരാണ് കൈകാര്യം ചെയ്തിരുന്നതെന്നും ദൃക്സാക്ഷിയുടെ മൊഴിയിലുണ്ട്.
പാകിസ്താനിലെ ഉന്നത സൈനിക-രാഷ്ട്രീയ നേതൃത്വങ്ങളുടെ നിർദ്ദേശാനുസരണം പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയും ലഷ്‌കറെ ത്വയ്ബയും ചേർന്നാണ് പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നടത്തിയ സംഘത്തിലെ എല്ലാവരും പാക് പൗരന്മാരായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
മുംബൈ ആക്രമണത്തിന് സമാനമായ ആക്രമണത്തിനായിരുന്നു പദ്ധതിയിട്ടിരുന്നത്. പാകിസ്താൻ ഭീകരർ വേണം ആക്രമണം നടത്തേണ്ടതെന്ന് ഐഎസ്ഐ,ലഷ്‌കറെയുടെ പാകിസ്താനിലെ കമാൻഡർ സാജിദ് ജുട്ടിന് നിർദ്ദേശം നൽകിയിരുന്നുവത്രേ. ഭീകരാക്രമണത്തിന്റെ വിവരങ്ങൾ ചേരാതിരിക്കാനാണ് കശ്മീരിൽ നിന്നുള്ള ഭീകരരെ ആക്രമണത്തിന്റെ ഭാഗമാക്കാതിരുന്നത്.
പാകിസ്താന്റെ മുൻ സ്‌പെഷൽ ഫോഴ്‌സസ് കമാൻഡോ ആയിരുന്നെന്ന് സംശയിക്കുന്ന സുലൈമാൻ ആണ് പഹൽഗാമിൽ ആക്രമണം നടത്തിയ സംഘത്തെ നയിച്ചത്. ആക്രമണം നടക്കുന്നതിന്റെ ഒരാഴ്ച മുൻപ് തന്നെ ഇയാൾ താഴ്വാരയിൽ എത്തിയിരുന്നു. 2023 പൂഞ്ചിൽ 5 സൈനികർ വീരമൃത്യുവരിച്ച ആർമി ട്രക്കിന് നേരെയുണ്ടായ ഭീകരാക്രമണത്തിലും ഇയാൾ പങ്കാളിയായിരുന്നു. ഇതിന് ശേഷമുള്ള രണ്ട് വർഷത്തെ ഇടവേളയിൽ ഇയാൾ അടുത്ത ഭീകരാക്രമണത്തിനുള്ള തയ്യാറെടുപ്പുകളിൽ സജീവമായി.
Discussion about this post