തിരുവനന്തപുരം: തമ്പാനൂർ ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ജോലിയിൽ നിന്നും മാറ്റി നിർത്തി. മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിലാണ് ഡ്രൈവറെ മാറ്റി നിർത്തിയത്. സംഭവത്തിൽ യദുവിൽ നിന്നും വിശദീകരണവും തേടിയിട്ടുണ്ട്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഡ്യൂട്ടിയ്ക്ക് കയറരുത് എന്നാണ് നിർദ്ദേശം. അടുത്ത ദിവസം തന്നെ ഡിടിഒയ്ക്ക് മുൻപാകെ നേരിട്ട് ഹാജരായി വിശദീകരണം നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. യദു തന്നോട് മോശമായി പെരുമാറിയെന്നാണ് ആര്യ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.
ആര്യയുടെ പരാതിയിൽ കഴിഞ്ഞ ദിവസം യദുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പുറമേ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജോലിയിൽ നിന്നും മാറ്റിനിർത്തിക്കൊണ്ടുളള പ്രതികാര നടപടി.
കഴിഞ്ഞ ദിവസമാണ് കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും ബസ് തടഞ്ഞത്. തുടർന്ന് യദുവുമായി തർക്കിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.












