കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പഠനാവശ്യം ചുണ്ടിക്കാട്ടിയാണ് അനുപമ ഹർജി നൽകിയിരുന്നത്.
നേരത്തെ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചായിരുന്നു ജാമ്യഹർജി തള്ളിയത്. കേസിലെ ഒന്നാം പ്രതി കെആർ പത്മകുമാറിന്റെയും ഭാര്യ അനിത കുമാരിയുടെയും മകളാണ് അനുപമ. പത്മകുമാറും അനിത കുമാരിയും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.
കഴിഞ്ഞ നംവംബറിലാണ് കേസിനാസ്പദമായി സംഭവം. ട്യൂഷൻ കഴിഞ്ഞ് സഹോദരനോടൊപ്പം വരികയകയിരുന്ന ആറ്‌വയസുകാരിയെ കാറിലെത്തിയ പ്രതികൾ തട്ടിക്കൊണ്ടു പോവുകയും തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. ഡിസംബർ ഒന്നിനാണ് പ്രതികളെ പിടികൂടിയത്. പൂയപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് കുറ്റപത്രം സമർപ്പിച്ചു. ഒരു വർഷത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ കൃത്യം നടത്തിയത്. അനിതാ കുമാരിയും അനുപമയും അട്ടക്കുളങ്ങര ജയിലിലായിരുന്നു. പത്മകുമാർ പൂജപ്പുര ജയിലിലാണ്.
Leave a Comment