തെരുവുനായകൾക്ക് എല്ലാ ദിവസവും ഭക്ഷണം നൽകുന്ന പദ്ധതിയുമായി കോർപ്പറേഷൻ. തെരുവുനായകൾ അക്രമാസക്തമാകുന്നത് കുറച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രതിദിനം തെരുവുനായകൾക്ക് ‘സസ്യേതര’ ഭക്ഷണം നൽകുന്നതാണ് പദ്ധതി.ദിവസം ഒരുനേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണം നൽകാനാണ് തീരുമാനം. നഗരത്തിലെ 5000 തെരുവുനായകൾക്ക് ഭക്ഷണം ലഭിക്കും. ഓരോ നായയുടെയും ഭക്ഷണത്തിൽ 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയിൽ എന്നിവ അടങ്ങിയിരിക്കണമെന്നാണ് നിർദേശം.
ബംഗളൂരു കോർപ്പറേഷനാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. തുടക്കത്തിൽ നഗരത്തിലെ 5000 തെരുവുനായകൾക്ക് ഭക്ഷണം ലഭിക്കും. ബംഗളൂരു നഗരത്തിൽ ഒന്നടങ്കം 2.8 ലക്ഷം തെരുവുനായ്ക്കൾ ഉണ്ടെന്നാണ് കണക്ക്.22.42 രൂപയാണ് ഒരു നായയുടെ ഭക്ഷണത്തിന്റെ ചെലവ് കണക്കാക്കുന്നത്. ഒരുവർഷത്തേക്ക് 2.9 കോടി രൂപയാണ് പദ്ധതിക്കായി ബിബിഎംപി നീക്കിവെച്ചത്. തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കുന്നതിനാണ് അവയ്ക്ക് ഭക്ഷണംനൽകാൻ തീരുമാനിച്ചതെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മിഷണർ സുരാൽകർ വ്യാസ് പറഞ്ഞു.
അനിമൽ വെൽഫെയർ ബോർഡിന്റെ നിർദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് മാർഗരേഖകളും അനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നഗരത്തിൽ ആകെ എട്ട് സോണുകളാണ് ഉള്ളത്. അതിൽ ഓരോ സോണിനും 36 ലക്ഷം രൂപ വീതമാണ് അനുവദിക്കുക. 500 നായ്ക്കൾക്ക് ഓരോ കേന്ദ്രത്തിലും ഭക്ഷണം നൽകാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post