പൈശാചികമായ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. ഇത്തരം കൊലപാതകങ്ങള്‍ ഡോക്ടര്‍മാരുടെ സംഘമോ, പോലിസ് സര്‍ജ്ജന്റെ നേതൃത്വത്തിലോ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നാല് പേര്‍ ഉണ്ടെന്നിരിക്കെ പോസ്റ്റ്‌മോര്‍ട്ടം പിജി വിദ്യാര്‍ത്ഥിയെ ഏല്‍പിച്ചത് വലിയ വിവാദമാകും. കഴിഞ്ഞ മാസം 29നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. റിപ്പോര്‍ട്ട് ഇതുവരെയും പോലിസിന് കൈമാിയിട്ടല്ല. നിഷ്ഠൂരമായ കൊലപാതകമായിട്ടും പോലിസ് വിഷയം ഗൗരവമായി എടുത്തിട്ടില്ല എന്ന ആരോപണം ശരിവെക്കുകയാണ് ഈ നടപടി.
സംഭവം വിവാദമാകുമെന്ന് ഉറപ്പായോടെ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം ഇന്നലെ അടിയന്തരയോഗം ചേര്‍ന്നു. ചട്ടപ്രകാരം തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന് വരുത്താന്‍ രേഖകള്‍ തിരുത്തണമെന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും ചിലര്‍ എതിര്‍ത്തു. ഒടുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അസോഷ്യേറ്റ് പ്രൊഫസറുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് രേഖപ്പെടുത്താനും നിര്‍ദ്ദേശം ഉയര്‍ന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ സംയുക്തസംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തി എന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചതായാണ് സൂചന.
Leave a Comment