കൊട്ടാരക്കര ഗവൺമെൻറ് ഹോസ്പിറ്റലിൽ വച്ച് ഡോക്ടർ വന്ദനയെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്രിക ഹോസ്പിറ്റലിലെ ഡ്രസ്സിംഗ് റൂമിൽ ഉപയോഗിക്കുന്നതാണ് എന്ന് സാക്ഷി കോടതിയിൽ മൊഴി നൽകി.
പ്രതിയെ അന്ന് വെളുപ്പിനെ പൂയപ്പള്ളി പോലീസ് ഹോസ്പിറ്റലിൽ എത്തിച്ച സമയം പ്രതിയുടെ കാലിൽ ഉണ്ടായ മുറിവുകൾ താൻ ക്ലീൻ ചെയ്തു എന്നും, ആ സമയം അവിടെ ഉണ്ടായിരുന്ന കത്രിക പ്രതി രഹസ്യമായി കൈക്കലാക്കി സൂക്ഷിച്ചതാണെന്നും കേസിലെ സാക്ഷിയായ നേഴ്സിംഗ് അസിസ്റ്റൻറ് ജയന്തി കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് മുമ്പാകെ മൊഴി നൽകി. കൂടാതെ ഇപ്രകാരമുള്ള ഉപകരണങ്ങൾ ഹോസ്പിറ്റലിൽ സൂക്ഷിക്കുന്നതിന് രജിസ്റ്റർ ഉണ്ട് എന്നും സാക്ഷി കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിന്റെ ചോദ്യത്തിന് മറുപടിയായി കോടതിയെ അറിയിച്ചു.
വന്ദന കൊലചെയ്യപ്പെട്ട സമയത്ത് ഹോസ്പിറ്റലിലെ കത്രിക ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ രജിസ്റ്ററിന്റെ പകർപ്പ് സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. കൂടാതെ ഡോ വന്ദനയുടെ സാന്നിധ്യത്തിൽ താൻ പ്രതിയുടെ മുറിവുകൾ പരിശോധിക്കുന്ന സമയം പ്രതി തന്നെയും ഡോക്ടർമാരുടെയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു എന്നും സാക്ഷി കോടതി മുമ്പാകെ മൊഴി നൽകി.
സംഭവദിവസം പ്രതിയെ ഹോസ്പിറ്റലിൽ എത്തിച്ച പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ ബേബി മോഹനേയും പോലീസ് ഡ്രൈവർ ബിജീഷിനേയും പ്രോസിക്യൂഷൻ സാക്ഷികളായി കോടതിയിൽ വിസ്തരിച്ചു. സംഭവദിവസം രാത്രിയിൽ തങ്ങൾ നൈറ്റ് പെട്രോൾ ചെയ്തുവരവെ പോലീസ് കൺട്രോൾ റൂമിൽ നിന്നും, പ്രതി സഹായം അഭ്യർത്ഥിച്ചുകൊണ്ട് വിളിച്ചിരുന്നു എന്നുള്ള സന്ദേശം ലഭിച്ചിരുന്നുവെന്നും തുടർന്ന് കൺട്രോൾ റൂമിൽ നിന്നും ലഭിച്ച നിർദ്ദേശപ്രകാരം തങ്ങൾ പ്രതിയുടെ സമീപത്ത് എത്തി എന്നും ആയതിനെ തുടർന്ന് പ്രതിയുടെ കാലുകളിൽ മുറിവുകൾ കണ്ടതുകൊണ്ടാണ് കൊട്ടാരക്കര ഗവൺമെൻറ് ആശുപത്രിയിൽ പ്രതിയുമായി തങ്ങൾ എത്തിയത് എന്നും സാക്ഷികൾ കോടതി മുമ്പാകെ മൊഴി നൽകി. ഇപ്രകാരം ഹോസ്പിറ്റലിൽ എത്തിയ പ്രതി അവിടെ നിന്നും കൈക്കലാക്കിയ കത്രിക ഉപയോഗിച്ച് ഡോക്ടർ വന്ദനയെയും പോലീസുകാർ ഉൾപ്പെടെയുള്ള സാക്ഷികളെയും ഉപദ്രവിക്കുകയായിരുന്നു എന്നും സാക്ഷികൾ കോടതി മുമ്പാകെ അറിയിച്ചു. പ്രതിയെയും പ്രതി ഉപയോഗിച്ച ആയുധവും, പ്രതിയുടെ വസ്ത്രങ്ങളും സാക്ഷികൾ കോടതി മുമ്പാകെ തിരിച്ചറിഞ്ഞു. കേസിന്റെ തുടർ വിസ്താരം 27 തീയതി നടക്കും. ഇതിനിടെ കേസിലെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ഫോറൻസിക് വിദദ്ധയെ മുൻഗണന ക്രമത്തിൽ വിസ്തരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രോസിക്യൂഷൻ ഫയൽ ചെയ്ത ഹർജി കോടതി അനുവദിച്ചു.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരിഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
Discussion about this post