കാഞ്ഞങ്ങാട്; കാസർകോട് ജില്ലയിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലത്തിൽ ഒപ്പിടീക്കുന്നതിനെതിരെ പ്രതിഷേധം. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രക്ഷിതാവും വിദ്യാർത്ഥിയും നിർബന്ധമായും ഒപ്പിട്ട് നൽകണമെന്ന ജില്ലാ ഭരണകൂടത്തിൻറെ നിർദേശത്തിനെതിരെയാണ് പ്രതിഷേധം.
കാസർകോട് ജില്ലാ ഭരണകൂടവും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി വിദ്യാലയങ്ങൾക്ക് കൈമാറിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് രേഖപ്പെടുത്താൻ വീട്ടുകാരെ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി വിദ്യാർത്ഥി ഒപ്പിടണം. ഉത്തരവാദിത്തപ്പെട്ട പൗരൻ എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി രക്ഷിതാവും ഒപ്പിടണം. 26 ന് ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളും നിശ്ചിത മാതൃകയിൽ പ്രതിജ്ഞ തയ്യാറാക്കണമെന്നാണ് നിർദേശം.
വോട്ട് ചെയ്യുന്ന പോലെ തന്നെ ചെയ്യാതിരിക്കാനുള്ള അവകാശവും പൗരനുണ്ടെന്നും നിർബന്ധിച്ച് പ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്നുമാണ് പ്രതിഷേധക്കാർ ഉയർത്തുന്ന വാദം








