പാക് അധീന കശ്മീരിൽ (പിഒകെ) ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ പാക് സുരക്ഷാസേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 23-ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. റാവലാകോട്ടിൽ നടന്ന ക്രൂരമായ സൈനിക നടപടിക്ക് പിന്നാലെ പാകിസ്ഥാനുള്ളിൽ നിന്നും കടുത്ത പ്രതിഷേധവും വിമർശനവുമാണ് സർക്കാരിനും സൈന്യത്തിനുമെതിരെ ഉയരുന്നത്.
പിഒകെയിലെ ജനജീവിതം ഗാസയ്ക്ക് സമാനമാണെന്നും, സ്വന്തം പൗരന്മാർക്ക് നേരെ ക്രൂരത കാട്ടുന്ന പാക് സൈന്യം ഇസ്രായേൽ പ്രതിരോധ സേനയെ (ഐഡിഎഫ്) പോലെയാണ് പെരുമാറുന്നതെന്നുമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയരുന്ന വിമർശനം. മാസങ്ങളായി അടിസ്ഥാന അവകാശങ്ങൾക്കായി പ്രക്ഷോഭം നടത്തുന്ന ജനങ്ങൾക്ക് നേരെ പാക് സേന ആയുധം പ്രയോഗിച്ചതും ഡ്രോണുകൾ ഉപയോഗിച്ച് ബോംബാക്രമണം നടത്തിയതും വലിയ മനുഷ്യാവകാശ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.
സാമ്പത്തിക അവകാശങ്ങൾ, ഉയർന്ന വൈദ്യുതി ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധം, 38 ഇന അവകാശ പത്രിക നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ ജൂൺ മാസം മുതൽ സമരങ്ങൾ നടന്നു വരികയായിരുന്നു. ഈ സമരത്തെ അടിച്ചമർത്താൻ പാക് ഭരണകൂടം നടത്തുന്ന കിരാത നടപടികൾക്കെതിരെ അന്താരാഷ്ട്ര തലത്തിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെയും ദുരിതത്തിലായ ജനങ്ങളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പാക് സർക്കാരിന്റെ യഥാർത്ഥ മുഖമാണ് പുറത്തുവന്നിരിക്കുന്നത്.









