മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ തലസ്ഥാന നഗരിയിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വിട നൽകി സ്വന്തം താമസം കോഴിക്കോട്ടേക്ക് മാറ്റുന്നു. സംഘടനാ പ്രവർത്തനം കോഴിക്കോട് ജില്ലയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആര്യ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് ഔദ്യോഗികമായി കത്തു നൽകി. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ അപേക്ഷ പരിഗണിക്കുകയും തുടർനടപടികൾക്കായി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
വ്യക്തിപരമായ സൗകര്യങ്ങളും കുടുംബപരമായ ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ആര്യ പാർട്ടിക്ക് കത്ത് നൽകിയിരിക്കുന്നത്. മുൻ ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവാണ് ആര്യയുടെ ഭർത്താവ്. സച്ചിന്റെ സ്വദേശം കോഴിക്കോടായതിനാൽ വിവാഹശേഷം തന്നെ പ്രവർത്തന മണ്ഡലം കോഴിക്കോട്ടേക്ക് മാറ്റിയേക്കുമെന്ന് ആര്യ നേരത്തെ തന്നെ സഹപ്രവർത്തകരെയും പാർട്ടി നേതൃത്വത്തെയും അറിയിച്ചിരുന്നു. കോഴിക്കോട് ടൗണിൽ ഇരുവരും പുതിയ വീടെടുത്ത് താമസം മാറിയതായാണ് വിവരങ്ങൾ.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ്വ നേട്ടത്തോടെയാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണസാരഥ്യത്തിലേക്ക് എത്തുന്നത്. അഞ്ചുവർഷത്തെ മേയർ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ആര്യ ഇപ്പോൾ തലസ്ഥാന നഗരിയോട് തൽക്കാലത്തേക്ക് വിടപറയുന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചാവും ആര്യ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയ പ്രവർത്തനം.












