മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ കാട്ടിൽ ഒളിപ്പിച്ചിരുന്ന വൻ സ്ഫോടകവസ്തു ശേഖരവും മാവോയിസ്റ്റ് സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. ഗാരപട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ തവ്വേ കാട്ടുപ്രദേശത്ത് നവംബർ 4-ന് നടത്തിയ തെരച്ചിലിലാണ് ഈ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഗഡ്ചിരോളി പൊലീസ് സൂപ്രണ്ട് എം. രമേശിന്റെ മേൽനോട്ടത്തിൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (SOG) നാല് സംഘങ്ങളും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡിന്റെ (BDDS) രണ്ട് സംഘങ്ങളും ചേർന്നാണ് തെരച്ചിൽ നടത്തിയത്.
സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്താനായി മാവോയിസ്റ്റുകൾ തയ്യാറാക്കി വെച്ചിരുന്ന 11 പ്രഷർ കുക്കറുകൾ, 3 ബണ്ടിൽ കോർട്ടെക്സ് വയറുകൾ, 3 കിലോ വെടിമരുന്ന്, 4 ഡിറ്റനേറ്ററുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. ഇതുകൂടാതെ 12 വോൾട്ട് ബാറ്ററി, 250 ഗ്രാം പടക്കപ്പൊടി, 4 സ്റ്റീൽ കണ്ടെയ്നറുകൾ, 8 ബണ്ടിൽ വയറുകൾ, സോളാർ പാനൽ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് സ്വാധീനം ഗണ്യമായി കുറഞ്ഞുവരുന്ന ഗഡ്ചിരോളിയിൽ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തെരച്ചിൽ ഊർജ്ജിതമാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ മാവോയിസ്റ്റ് സ്വാധീനം നിർമ്മാർജ്ജനം ചെയ്തതിന് പിന്നാലെ പ്രാദേശിക യുവാക്കളെ സുരക്ഷാ സേനകളിൽ ചേരാൻ പ്രാപ്തരാക്കുന്ന ‘മിഷൻ രക്ഷക്’ (Mission Rakshak) കാമ്പയിൻ വലിയ ശ്രദ്ധ നേടുകയാണ്. കാങ്കർ പൊലീസിന്റെ നേതൃത്വത്തിൽ ആമബേഡ, അന്താഗഡ്, ഭാനുപ്രതാപ്പ്പൂർ, കോയലിബേഡ, പഖാഞ്ചൂർ എന്നീ അഞ്ച് കേന്ദ്രങ്ങളിൽ സ സൗജന്യ കായിക-ലിഖിത പരീക്ഷാ പരിശീലനമാണ് നൽകിവരുന്നത്. നിരവധി പെൺകുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് യുവാക്കളാണ് ഈ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നത്. ഒരു കാലത്ത് മാവോയിസ്റ്റ് കേന്ദ്രമായിരുന്ന പ്രദേശങ്ങൾ ഇന്ന് ആവേശത്തോടെ കാക്കി അണിയാനുള്ള ഒരുക്കത്തിലാണ്.











