മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിയുടെ 99-ാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 1927 നവംബർ 8-ന് ജനിച്ച അദ്വാനി നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഈ വേളയിൽ, രാജ്യത്തിനും പാർട്ടിക്കും നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. ബി.ജെ.പിയെ ശക്തമായ അടിത്തറയിൽ കെട്ടിപ്പടുക്കുന്നതിനും ആശയപരമായ വ്യക്തത നൽകുന്നതിനും അദ്വാനി വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്വാനി ബി.ജെ.പിയുടെ തലമുറകളോളം വരുന്ന പ്രവർത്തകരെ രൂപപ്പെടുത്തുകയും വളർത്തുകയും ചെയ്തുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അദ്വാനിയുടെ നേതൃത്വത്തിൽ ബിജെപി കൈവരിച്ച രാഷ്ട്രീയ വളർച്ചയും മോദി ലേഖനത്തിൽ വിശദീകരിച്ചു. 1989-ൽ കോൺഗ്രസിന്റെ ലോക്സഭാ സീറ്റുകൾ 400-ൽ നിന്ന് 200-ൽ താഴെയെത്തിയതും 1996-ൽ ബിജെപി ആദ്യമായി ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുമായുള്ള അദ്വാനിയുടെ ദീർഘകാല രാഷ്ട്രീയ ബന്ധത്തെയും മോദി പ്രശംസിച്ചു. മത്സരബുദ്ധിയില്ലാതെ പരസ്പര സഹകരണത്തോടെ പ്രവർത്തിച്ച ഈ രണ്ട് നേതാക്കളും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. 1975-ലെ അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിലും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിലും അദ്വാനി പ്രധാന പങ്കുവഹിച്ചതായി മോദി ഓർമിപ്പിച്ചു. 1990-ലെ സോമനാഥ് മുതൽ അയോധ്യ വരെയുള്ള രഥയാത്രയും അദ്വാനിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക അധ്യായമായി അദ്ദേഹം വിശേഷിപ്പിച്ചു.
അതേസമയം, അദ്വാനിയുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രത്യേക പൂജയും ഹവനവും സംഘടിപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, അദ്വാനിയുടെ മകൾ പ്രതിഭ അദ്വാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സംഭവങ്ങളും പ്രസംഗങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക വീഡിയോയും പ്രദർശിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയായും ഉപപ്രധാനമന്ത്രിയായും രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ അദ്വാനി നൽകിയ സംഭാവനകളും മോദി അനുസ്മരിച്ചു. വായനയോടും സിനിമയോടും സംസ്കാരത്തോടുമുള്ള അദ്ദേഹത്തിന്റെ താൽപര്യവും എഴുത്തുകാരൻ എന്ന നിലയിലെ കഴിവുകളും ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്. 2024-ൽ ഭാരതരത്നം നൽകി രാജ്യം ആദരിച്ച അദ്വാനിക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും ആശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.










