മുൻ രാഷ്ട്രപതിയും കോൺഗ്രസ് മുൻ മുതിർന്ന നേതാവുമായ പ്രണബ് മുഖർജിയുടെ പ്രധാനമന്ത്രി മോഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിൽ സോണിയാ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പ്രണബിന്റെ മകൾ ശർമിഷ്ഠ മുഖർജി. രാഷ്ട്രീയം ചെയ്യുന്ന ഏതൊരാൾക്കും പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടാകുന്നത് ക്രിമിനൽ കുറ്റമാണോയെന്ന് ശർമിഷ്ഠ തുറന്നടിച്ചു. സോണിയാ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലൗ’ (Belonging: A Journey of Love) പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദം പുകയുന്നത്.
2010-ൽ പ്രണബ് മുഖർജിയുമായി നടത്തിയ ഒരു സംഭാഷണത്തെക്കുറിച്ച് ആത്മകഥയിൽ സോണിയാ ഗാന്ധി പരാമർശിക്കുന്നുണ്ട്. “ഭരണത്തിന്റെ നേതൃത്വത്തിൽ മാറ്റം വരേണ്ട സമയമായി എന്ന് പ്രണബ് മുഖർജി സൂചിപ്പിച്ചപ്പോൾ താൻ ഞെട്ടിപ്പോയി എന്നും, പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ കാലങ്ങളായുള്ള ആഗ്രഹമാണ് ആ വാക്കുകളിൽ പ്രകടമായതെന്നുമാണ്” സോണിയ പുസ്തകത്തിൽ കുറിച്ചത്.
എന്നാൽ ഇതിൽ ഞെട്ടാൻ മാത്രം എന്താണുള്ളതെന്ന് ശർമിഷ്ഠ മുഖർജി ചോദിച്ചു. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ-ഭരണ പരിചയ സമ്പത്തും കഠിനാധ്വാനവും മികച്ച ബുദ്ധികൂർമ്മതയുമുള്ള ഒരാൾക്ക് അത്തരമൊരു രാഷ്ട്രീയ അഭിലാഷം ഉണ്ടാകുന്നതിൽ തെറ്റെന്താണെന്നും അവർ ചോദ്യമുയർത്തി. സാധാരണ കുടുംബത്തിൽ ജനിച്ച പ്രണബ് മുഖർജി സ്വന്തം കഴിവ് കൊണ്ടാണ് നേട്ടങ്ങളെല്ലാം കൈവരിച്ചതെന്നും, പ്രധാനമന്ത്രി പദവി ആഗ്രഹിക്കുന്നത് തികച്ചും സ്വാഭാവികമാണെന്ന് അച്ഛൻ തന്നോട് മുൻപ് തുറന്നു പറഞ്ഞിട്ടുണ്ടെന്നും ശർമിഷ്ഠ കൂട്ടിച്ചേർത്തു. സോണിയാ ഗാന്ധിയുടെ പുസ്തകത്തിന് പിന്നാലെ ബി.ജെ.പിയും ശർമിഷ്ഠ മുഖർജിയും രംഗത്തെത്തിയതോടെ കോൺഗ്രസ് വൻ പ്രതിരോധത്തിലായിരിക്കുകയാണ്.









