ഭാരതീയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവലിനും മുൻ റോ (RAW) തലവൻ സാമന്ത് ഗോയലിനുമെതിരെ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിങ് പന്നൂൻ നൽകിയ സിവിൽ കേസിൽ ഇന്ത്യൻ കോടതികൾ വഴി സമൻസ് അയക്കാൻ അനുമതി നൽകി യു.എസ് കോടതി. ന്യൂയോർക്കിലെ ഫെഡറൽ കോടതിയാണ് ഇന്ത്യയിലെ കോടതികൾ മുഖേന അജിത് ഡോവലിനും സാമന്ത് ഗോയലിനും സമൻസ് കൈമാറാൻ പന്നൂന്റെ ഹർജിയിൽ അനുമതി നൽകിയത്. 2026 നവംബർ 30-നോ അതിനുമുമ്പോ ആയി ഇത് പൂർത്തിയാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ നയതന്ത്രജ്ഞർക്കും സ്ഥാപനങ്ങൾക്കുമെതിരെ നിരന്തരം ഭീഷണി മുഴക്കുന്ന ഖാലിസ്ഥാൻ ഭീകരവാദിയായ പന്നൂൻ, തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അമേരിക്കൻ കോടതിയിൽ സിവിൽ നഷ്ടപരിഹാര ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അജിത് ഡോവൽ വാഷിംഗ്ടൺ സന്ദർശിച്ചവേളയിൽ സമൻസ് നേരിട്ട് കൈമാറിയെന്ന പന്നൂന്റെ വാദം മുൻപ് ന്യൂയോർക്ക് കോടതി തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര മാർഗ്ഗങ്ങളിലൂടെ ഇന്ത്യയിലെ കോടതികൾ വഴി സമൻസ് അയക്കാൻ യു.എസ് കോടതി ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
ഇന്ത്യൻ മണ്ണിലും വിദേശത്തും ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്ത പന്നൂനെ ഭാരത സർക്കാർ ഭീകരവാദിയായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇയാൾ നേതൃത്വം നൽകുന്ന ‘സിഖ്സ് ഫോർ ജസ്റ്റിസ്’ (SFJ) എന്ന സംഘടനയെ നിരോധിച്ച സംഘടനകളുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലും കാനഡയിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പന്നൂന്റെ കേസുമായി ബന്ധപ്പെട്ട പുതിയ കോടതി ഉത്തരവിനോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.











