ഒമ്പത് തവണ വിവാഹം കഴിച്ചുവെന്ന ഗുരുതര ആരോപണം നേരിടുന്ന സ്ത്രീ നൽകിയ ഗാർഹിക പീഡന പരാതിയിൽ അവരുടെ ‘ഏഴാം ഭർത്താവായ’ രാഷ്ട്രീയ നേതാവിനെതിരെയുള്ള കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ഉഡുപ്പി സ്വദേശിയായ സ്ത്രീ നൽകിയ കേസിൽ ഹോസപേട്ട സ്വദേശിയായ രാഷ്ട്രീയ നേതാവിനെതിരെയുള്ള ആരോപണങ്ങൾക്ക് കൃത്യമായ തെളിവുകളില്ലെന്നും ആരോപണങ്ങൾ പൊതുവായ സ്വഭാവമുള്ളവ മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ഉത്തരവ്.
ഉഡുപ്പി മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലിരുന്ന കേസ് ചോദ്യം ചെയ്താണ് ഹർജിക്കാരൻ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. 2004-ൽ 16-ാം വയസ്സിൽ ആദ്യ വിവാഹം കഴിച്ച പരാതിക്കാരി ഇതുവരെ ഒമ്പത് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് ഹർജിക്കാരൻ കോടതിയിൽ തെളിവുസഹിതം ആരോപിച്ചു. ആളുകളെ വിവാഹം കഴിച്ച ശേഷം മനഃപൂർവ്വം വഴക്കുണ്ടാക്കി ഗാർഹിക പീഡന കേസ് കൊടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതിയെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം പരാതിക്കാരി നിഷേധിച്ചു. താൻ നിയമപരമായി ബന്ധം വേർപെടുത്തി നാല് തവണ മാത്രമാണ് വിവാഹം കഴിച്ചതെന്നും ഭർത്താവിനെതിരെയുള്ള ഗാർഹിക പീഡന കേസ് വ്യാജമല്ലെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം.
കേസ് വിശദമായി പരിശോധിച്ച ഹൈക്കോടതി, വ്യക്തമായ നിയമപരമായ അടിത്തറയില്ലാത്ത കേസുകളിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുന്നത് നിയമ വ്യവസ്ഥയോടുള്ള അനീതിയാണെന്ന് നിരീക്ഷിച്ചു. ഒരു വ്യക്തിയുടെ മുൻകാല വിവാഹ ചരിത്രം മാത്രം നോക്കി ഒരു കുറ്റകൃത്യത്തെ തള്ളിക്കളയാനാവില്ലെങ്കിലും, ഈ കേസിൽ പരാതിക്കാരന്റെ ഭാഗത്തുനിന്നും ഗാർഹിക പീഡനം നടന്നതായി തെളിയിക്കുന്ന പ്രാഥമിക തെളിവുകളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.










