ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ നടന്ന പ്രശസ്തമായ ജോൾജിബി മേളയുടെ ഉദ്ഘാടന വേദിയിൽ നാടകീയ രംഗങ്ങൾ. വേദിയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചെന്നാരോപിച്ച് പ്രകോപിതനായ ധാർചുലയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഹരീഷ് സിങ് ധാമി നിയന്ത്രണം വിട്ട് പെരുമാറുകയും വേദിയിൽ നിന്ന് മൈക്ക് വലിച്ചെറിയുകയും ചെയ്തു. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഔദ്യോഗിക പരിപാടി ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വേദിയിൽ വലിയ തോതിലുള്ള വാക്കേറ്റവും സംഘർഷാവസ്ഥയും ഉണ്ടായത്.
ചരിത്രപ്രസിദ്ധമായ ജോൾജിബി മേളയുടെ അധ്യക്ഷനായിരുന്നു സ്ഥലം എംഎൽഎ കൂടിയായ ഹരീഷ് സിങ് ധാമി. എന്നാൽ, പരിപാടിയുടെ അധ്യക്ഷനായിരുന്നിട്ടുപോലും സദസ്സിനെ അഭിസംബോധന ചെയ്യാൻ തനിക്ക് അവസരം നൽകിയില്ലെന്ന് ഹരീഷ് ധാമി ആരോപിച്ചു. പ്രോട്ടോക്കോൾ ലംഘനം നടന്നതായും, തന്റെ മൈക്ക് മനഃപൂർവം ഓഫ് ചെയ്ത് തന്നെ സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെയാണ് സംഘാടകരും ശബ്ദസംവിധാന ജീവനക്കാരുമായി എംഎൽഎ രൂക്ഷമായ തർക്കത്തിലേർപ്പെട്ടത്.
പിന്നാലെ വേദിയിൽ വെച്ച് തന്നെ രോഷാകുലനായ എംഎൽഎ ശബ്ദസംവിധാന ജീവനക്കാരെ രൂക്ഷമായി അധിക്ഷേപിക്കുകയും മൈക്ക് ഊരി വലിച്ചെറിയുകയും ചെയ്തു. എംഎൽഎയുടെ രോഷപ്രകടനം കണ്ട് അദ്ദേഹത്തിന്റെ അനുയായികളും മുദ്രാവാക്യം വിളികളുമായി വേദിയിലേക്ക് ഇരച്ചുകയറിയതോടെ രംഗം കൂടുതൽ വഷളായി. നിയന്ത്രണം നഷ്ടപ്പെട്ട എംഎൽഎ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോടും സംഘാടകരോടും തട്ടിക്കയറുന്നതും മൈക്ക് വലിച്ചെറിയുന്നതും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയതും എംഎൽഎയെയും അനുയായികളെയും വേദിയിൽ നിന്ന് മാറ്റിയതും.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്കെതിരെയും എംഎൽഎ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. സർക്കാർ പരിപാടികളിൽ പ്രതിപക്ഷ ജനപ്രതിനിധികളെ അപമാനിക്കുകയാണെന്നും, ധൈര്യമുണ്ടെങ്കിൽ തന്നോട് നേരിട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഹരീഷ് സിങ് ധാമി വെല്ലുവിളിച്ചു.









