നവംബർ മൂന്നിന് രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലെ അനൂപ്ഗഢ്-സൂറത്ഗഢ് റെയിൽവേ പാതയിൽ നടന്ന ഐ.ഇ.ഡി (IED) സ്ഫോടനക്കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ഗുർദാസ്പൂർ സ്വദേശികളായ മഹക്ദീപ് കൗർ (21), ദവീന്ദർ സിങ് (22) എന്നിവരെ രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സേനയും (ATS) ഗംഗാനഗർ പൊലീസും പഞ്ചാബ് പൊലീസും സംയുക്തമായി ചേർന്ന് അറസ്റ്റ് ചെയ്തു. പിടിയിലായ മഹക്ദീപ് കൗറിന് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുമായി (ISI) അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
‘ചാച്ച’, ‘ഷാ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന രണ്ട് പാകിസ്ഥാൻ ഏജന്റുമാരുമായി മഹക്ദീപ് കൗർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ജയിലിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന യുവതി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ഈ സാഹചര്യം മുതലെടുത്ത പാക് ഏജന്റുമാർ പ്രണയക്കുരുക്കിൽപ്പെടുത്തിയും വൻതുക വാഗ്ദാനം ചെയ്തുമാണ് യുവതിയെ തങ്ങളുടെ വലയിലാക്കിയത്. മുൻപും ലഹരിക്കടത്ത് കേസിൽ പ്രതിയായിരുന്ന ഇവർക്ക് റെയിൽവേ ട്രാക്കിൽ സ്ഫോടനം നടത്തുന്നതിനായി പാകിസ്ഥാനിൽ നിന്ന് പണം ലഭിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റിലായ യുവതിയുടെ പക്കൽ നിന്ന് രണ്ട് തോക്കുകളും 46 വെടിയുണ്ടകളും 30,000 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികൾക്ക് ഒളിത്താവളമൊരുക്കുകയും, സഞ്ചരിക്കാൻ മോട്ടോർസൈക്കിൾ സൗകര്യപ്പെടുത്തി നൽകുകയും, സ്ഫോടനം നടത്തേണ്ട റെയിൽവേ ട്രാക്ക് കാണിച്ചുകൊടുക്കുകയും ചെയ്ത മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ലക്ഷ്യമിട്ടുള്ള വലിയൊരു അട്ടിമറി ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
നവംബർ മൂന്നിന് രാത്രി 9.45-ഓടെയാണ് ഇന്ത്യാ-പാകിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള രാംസിങ്പുരിലെ 50 ജി.ബി ഗ്രാമത്തിനടുത്തുള്ള റെയിൽവേ ട്രാക്കിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ റെയിൽവേ ട്രാക്കിന് താഴെയുള്ള രണ്ട് കോൺക്രീറ്റ് സ്ലീപ്പറുകൾ തകരുകയും പാളത്തിന് അടിയിൽ രണ്ടര അടിയോളം ആഴത്തിൽ കുഴി രൂപപ്പെടുകയും ചെയ്തിരുന്നു. സ്ഫോടനം നടക്കുന്നതിന് അരമണിക്കൂർ മുൻപ് അനൂപ്ഗഢ്-സൂറത്ഗഢ് പാസഞ്ചർ ട്രെയിൻ ഇതുവഴി കടന്നുപോയതിനാൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.











