ആലപ്പുഴ മാവേലിക്കരയ്ക്ക് സമീപം കുറത്തിക്കാട് മങ്കാംകുഴിയിൽ മദ്യലഹരിയിലെത്തിയ പിതാവ് ഒരു വയസ്സുകാരിയായ മകളെ തറയിലടിച്ച് കൊലപ്പെടുത്തി. അസം സ്വദേശികളായ പരിതോഷ് മൊണ്ടേലിന്റെയും (27) റോണ്ട് വാലിയുടെയും മകൾ ദീപികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ മങ്കാംകുഴി വെട്ടിയാറിലെ വാടകവീട്ടിൽ വെച്ചാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ പ്രതിയായ പരിതോഷ് മൊണ്ടേലിനെ കുറത്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
കുട്ടികളെയും കൂട്ടി തിരികെ അസമിലേക്ക് പോകണമെന്ന് ഭാര്യ റോണ്ട് വാലി ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രകോപിതനായ പരിതോഷ് ഭാര്യയെ കഴുത്തിന് പിടിച്ച് ചുവരിനോട് ചേർത്തുനിർത്തി തലയ്ക്ക് ഇടിക്കുകയും, ഈ സമയം അമ്മയുടെ ഒക്കത്തിരുന്ന് കരഞ്ഞ കുഞ്ഞിനെ ഇരു കൈകൾ കൊണ്ടും ബലമായി പിടിച്ചുവാങ്ങി മൂന്ന് തവണ തറയിലടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ രാത്രി പത്തരയോടെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുട്ടി പടിക്കെട്ടിൽ നിന്ന് വീണതാണെന്നാണ് പ്രതിയും കുടുംബവും ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ, കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെയും അസ്വാഭാവികമായ പരിക്കുകളുടെയും പാടുകൾ ശ്രദ്ധയിൽപ്പെട്ട ഡ്യൂട്ടി ഡോക്ടർക്ക് സംശയം തോന്നുകയും ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ ക്രൂരതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. പതിനഞ്ച് ദിവസം മുൻപാണ് ഇവർ അസമിൽ നിന്ന് മാവേലിക്കരയിലെ വാടകവീട്ടിലേക്ക് താമസത്തിനായി എത്തിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.











