മതിയായ കാരണങ്ങളില്ലാതെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കുകയും പോളിസി വ്യവസ്ഥകൾക്ക് വിരുദ്ധമായി പണം വെട്ടിക്കുറയ്ക്കുകയും ചെയ്തതിന് പ്രമുഖ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI). 2022 ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ കമ്പനിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഗുരുതരമായ വീഴ്ചകളുടെ അടിസ്ഥാനത്തിലാണ് റെഗുലേറ്ററുടെ ഈ കർശന നടപടി. കോവിഡ്-19 ചികിത്സയുമായി ബന്ധപ്പെട്ട ക്ലെയിമുകൾ ഉൾപ്പെടെ നിരവധി അപേക്ഷകൾ നിലനിൽക്കാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി കമ്പനി തള്ളിക്കളഞ്ഞതായി ഐ.ആർ.ഡി.എ.ഐ ഉത്തരവിൽ വ്യക്തമാക്കുന്നു.
അന്യായമായി ക്ലെയിമുകൾ നിരസിച്ചതിന് ഒരു കോടി രൂപയും, പോളിസി വ്യവസ്ഥകളുടെ പിൻബലമില്ലാതെ തുക വെട്ടിക്കുറച്ചതിനും ഉപഭോക്താക്കൾക്ക് കൃത്യമായ വിവരങ്ങൾ നൽകാത്തതിനും ഒരു കോടി രൂപയും വീതമാണ് പിഴ ചുമത്തിയിരിക്കുന്നത്.
ക്ലെയിം നിരസിക്കുന്നതിനോ തുക കുറയ്ക്കുന്നതിനോ ആധാരമായ കൃത്യമായ പോളിസി വ്യവസ്ഥകൾ ഉപഭോക്താക്കളെ അറിയിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതായും, ഇത് തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള പോളിസി ഉടമകളുടെ അവകാശത്തെ തടസ്സപ്പെടുത്തിയതായും ഐ.ആർ.ഡി.എ.ഐ ചൂണ്ടിക്കാട്ടി. പരിശോധനയിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെടുത്തിയ ശേഷമാണ് പല കേസുകളിലും കമ്പനി ഉപഭോക്താക്കൾക്ക് പണം അനുവദിച്ചതെന്നും റെഗുലേറ്റർ കണ്ടെത്തി. കൂടാതെ, നെറ്റ്‌വർക്ക് ആശുപത്രികളുമായി ധാരണയിലായ ഡിസ്‌കൗണ്ടുകൾ ബില്ലുകളിൽ കാണിക്കാതെയും ഉപഭോക്താക്കളെ അറിയിക്കാതെയും ഇരുന്നതിനും കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ക്ലെയിം സെറ്റിൽമെന്റ് കത്തുകളിൽ അനുവദിച്ച തുക, നിരസിച്ച തുക, ഡിസ്‌കൗണ്ട്, ബാക്കി വരുന്ന ഇൻഷുറൻസ് പരിരക്ഷാ തുക എന്നിവ വ്യക്തമായി രേഖപ്പെടുത്തണമെന്ന് ഐ.ആർ.ഡി.എ.ഐ നിർദ്ദേശിച്ചു. ഈ ഉത്തരവ് കമ്പനിയുടെ ഡയറക്ടർ ബോർഡിന് മുന്നിൽ അവതരിപ്പിക്കാനും തുടർനടപടികൾ സ്വീകരിച്ചത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും റെഗുലേറ്റർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഈ പിഴ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ഉത്തരവിന്മേലുള്ള തുടർനടപടികൾ പരിശോധിച്ചുവരികയാണെന്നും സ്റ്റാർ ഹെൽത്ത് അധികൃതർ വ്യക്തമാക്കി.









