യുദ്ധങ്ങളും സംഘർഷങ്ങളും ലോകത്തെ ആശങ്കയിലാഴ്ത്തുന്ന കാലത്ത് ആഗോള സമാധാനത്തിനുള്ള ഏറ്റവും ശക്തമായ ഉറപ്പ് സാംസ്കാരിക ബന്ധങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ പുരാന ഖിലയിൽ നടന്ന ആദ്യ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) സിവിലൈസേഷണൽ ഡയലോഗ് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 20 മുതൽ 22 വരെ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. സുരക്ഷ, സമ്പദ്‌വ്യവസ്ഥ, ഗതാഗതം തുടങ്ങിയ മേഖലകളിൽ എസ്‌സിഒ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കഴിഞ്ഞ 25 വർഷത്തിനിടെ ശക്തിപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം സാംസ്കാരികവും നാഗരികവുമായ സഹകരണം കൂടി വർധിപ്പിക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. വിവിധ രാജ്യങ്ങളുടെ പങ്കുവെക്കുന്ന ചരിത്രവും പാരമ്പര്യവും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ പുരാതന സംസ്കാരവും മറ്റ് രാജ്യങ്ങളുമായുള്ള ചരിത്രബന്ധങ്ങളും പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഏകദേശം 5,000 വർഷങ്ങൾക്ക് മുമ്പ് സിന്ധുനദീതട സംസ്കാരവും മെസപ്പൊട്ടേമിയയും തമ്മിൽ വ്യാപാരബന്ധങ്ങൾ നിലനിന്നിരുന്നു. പുരാതന വ്യാപാരപാതകളിലൂടെ ഇന്ത്യ, ചൈന, മധ്യേഷ്യ, യൂറേഷ്യൻ മേഖലകൾ എന്നിവ തമ്മിൽ വ്യാപാരികൾക്കൊപ്പം പണ്ഡിതരും സഞ്ചാരികളും ബുദ്ധസന്യാസിമാരും യാത്ര ചെയ്തിരുന്നു. ഇതിലൂടെ ആശയങ്ങളും ഭാഷകളും ആചാരങ്ങളും പരസ്പരം കൈമാറാൻ സാധിച്ചു. ഇന്ത്യൻ സംസ്കാരത്തിന്റെ അടിസ്ഥാനമായ ‘വസുധൈവ കുടുംബകം’ അഥവാ ലോകം ഒരു കുടുംബമാണ് എന്ന ആശയവും അദ്ദേഹം ഓർമിപ്പിച്ചു. സാമ്രാജ്യങ്ങൾ ലോകത്തിന്റെ ഭൂപടം മാറ്റിയിട്ടുണ്ടാകാം, എന്നാൽ നാഗരികതകൾ തമ്മിലുള്ള സംവാദങ്ങൾ ലോകത്തിന്റെ ചിന്തകളെ സമ്പന്നമാക്കിയിട്ടുണ്ടെന്ന് മോദി പറഞ്ഞു. ഈ വേദി വെറുമൊരു ഔദ്യോഗിക ചടങ്ങായി ഒതുങ്ങാതെ ലോകത്തിന് പുതിയ ദിശാബോധം നൽകുന്ന വേദിയായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനും സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. എസ്‌സിഒ രാജ്യങ്ങളിലെ മ്യൂസിയങ്ങൾ, ലൈബ്രറികൾ, പുരാരേഖാ ശേഖരങ്ങൾ എന്നിവയിൽ സൂക്ഷിച്ചിട്ടുള്ള പുരാതന ഗ്രന്ഥങ്ങൾ ഡിജിറ്റലൈസ് ചെയ്യാനും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനും സംയുക്ത ഗവേഷണങ്ങൾ നടത്താനും അദ്ദേഹം നിർദേശിച്ചു. സംഗീതം, നൃത്തം, വസ്ത്രങ്ങൾ, ഭക്ഷണരീതികൾ, പരമ്പരാഗത കളികൾ, കല, വാസ്തുവിദ്യ, സാഹിത്യം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങളിൽ നവംബർ 21, 22 തീയതികളിൽ പ്രത്യേക ചർച്ചകളും നടക്കും. ‘സിവിലൈസേഷൻസ് ഇൻ കൺവെർസേഷൻ’ എന്ന പേരിൽ സംഗീതവും നൃത്തവും ദൃശ്യാവിഷ്കാരങ്ങളും ഉൾപ്പെടുത്തിയ സാംസ്കാരിക പരിപാടിയും സംഘടിപ്പിച്ചു. ‘അസ്തിത്വം’ എന്ന പേരിൽ ഇന്ത്യൻ പുരാവസ്തു, കലാ, സാഹിത്യ പൈതൃകങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. അപൂർവമായ പതിനെട്ടാം നൂറ്റാണ്ടിലെ മഹാഭാരത ചുരുളും പ്രദർശനത്തിലെ പ്രധാന ആകർഷണമാണ്. പാകിസ്ഥാൻ ഉൾപ്പെടെയുള്ള എസ്‌സിഒ അംഗരാജ്യങ്ങൾക്കും നിരീക്ഷക രാജ്യങ്ങൾക്കും സംവാദത്തിലേക്ക് ക്ഷണം നൽകിയിരുന്നു. വിവിധ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനവും സാംസ്കാരിക സഹകരണവും ശക്തിപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.









