എട്ട് കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങൾ കൃത്യമായി തകർക്കാൻ ശേഷിയുള്ള ‘ബഗീര എ.ടി 1’ (Bagheera AT1) ടാങ്ക് വേധ ഗൈഡഡ് മിസൈൽ സംവിധാനം രാജസ്ഥാനിലെ പൊഖ്‌റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ വിജയകരമായി പ്രദർശിപ്പിച്ചു. അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് വികസിപ്പിച്ച വാഹനത്തിൽ ഘടിപ്പിക്കാവുന്ന ഈ മിസൈൽ സംവിധാനത്തിന്റെ പരീക്ഷണത്തിൽ നാല് മിസൈലുകൾ വിക്ഷേപിച്ചു. ഇന്ത്യൻ സൈന്യം, സൈനിക കാര്യ വകുപ്പ്, പ്രതിരോധ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പ്രദർശനം നടന്നത്. നിലവിലുള്ള കരസേനയുടെ ടാങ്ക് വേധ മിസൈലുകളുടെ പരിധിയേക്കാൾ ഇരട്ടി ദൂരപരിധിയാണ് ഈ പുതിയ സംവിധാനത്തിനുള്ളത്.
രാവും പകലും ഒരുപോലെ ലക്ഷ്യങ്ങൾ ഭേദിക്കാൻ കഴിയുന്ന ബഗീര എ.ടി 1 മിസൈൽ, കവചിത വാഹനങ്ങൾക്കും ദൂരെയുള്ള വ്യോമ ലക്ഷ്യങ്ങൾക്കുമെതിരെ കൃത്യത തെളിയിച്ചു. ഒരേ ലേസർ ബീമിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് മിസൈലുകൾ തുടർച്ചയായി തൊടുത്തുവിടാൻ ഈ സംവിധാനത്തിന് സാധിക്കും. ആധുനിക യുദ്ധ ടാങ്കുകളിലെ പ്രതിരോധ സംവിധാനങ്ങളെ ആദ്യ മിസൈൽ നിർവീര്യമാക്കുമ്പോൾ, രണ്ടാമത്തെ മിസൈൽ ടാങ്കിന്റെ കവചം ഭേദിക്കുന്ന രീതിയിലാണ് രൂപകൽപ്പന. റേഡിയോ സിഗ്നലുകൾക്ക് പകരം ലേസർ ബീം വഴിയാണ് മിസൈൽ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത് എന്നതിനാൽ ഇലക്ട്രോണിക് ജാമിംഗിനെ എളുപ്പത്തിൽ അതിജീവിക്കാനും കഴിയും.
ഇന്ത്യൻ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായി 18 മാസം കൊണ്ടാണ് ഈ സംവിധാനം പൂർത്തിയാക്കിയത്. ഓട്ടോമാറ്റിക് ലോഞ്ചർ, പകൽ ദൃശ്യങ്ങൾക്കുള്ള ടി.വി ക്യാമറ, രാത്രികാല പ്രവർത്തനങ്ങൾക്കുള്ള തെർമൽ ഇമേജിംഗ് സംവിധാനം, വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന 4×4 കവചിത വാഹനം എന്നിവ ഇതിന്റെ ഭാഗമാണ്. ഓരോ വാഹനത്തിലും ആകെ 12 മിസൈലുകൾ വഹിക്കാൻ സാധിക്കും; ആക്രമണത്തിന് ശേഷം വേഗത്തിൽ സ്ഥാനം മാറാനുള്ള സൗകര്യവും ഇതിലുണ്ട്. പരീക്ഷണത്തിന് ശേഷം മിസൈൽ സംവിധാനത്തിന്റെ പ്രദർശനവും സംഘടിപ്പിച്ചു.











