കൊല്ലം: കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ 17 കാരനെതിരെ പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയെ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് 17-കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പെൺകുട്ടി പ്രസവിക്കുകയായിരുന്നു. എന്നാൽ പ്രായത്തിൽ സംശയം തോന്നിയ ഡോക്ടർമാർ വിശദമായി പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് അറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി കുട്ടിയിൽ നിന്ന് മൊഴിയും മറ്റ് വിവരങ്ങളും ശേഖരിച്ചു.
കുട്ടിയുടെ മൊഴിയുടെയും ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് കുളത്തൂപ്പുഴ പൊലീസ് 17 കാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുൻപിൽ ഹാജരാകാൻ ആൺകുട്ടിക്ക് കുളത്തൂപ്പുഴ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അമ്മയും കുഞ്ഞും ആശുപത്രിയിൽ തുടരുകയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.












