മെക്സിക്കോയിൽ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ ഏറ്റവും പിടികിട്ടാപ്പുള്ളികളായ കുറ്റവാളികളുടെ പട്ടികയിലുള്ള മയക്കുമരുന്ന് സംഘത്തലവൻ ഫൗസ്റ്റോ ഇസിദ്രോ മെസ ഫ്ലോറസ് എന്ന ‘എൽ ചാപോ ഇസിദ്രോ’ അറസ്റ്റിലായി. നവംബർ 20 വെള്ളിയാഴ്ച വടക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ സിനലോവ സംസ്ഥാനത്തുള്ള ഗ്വാസാവെയിലാണ് മെക്സിക്കൻ സൈന്യം നിർണായക നടപടി നടത്തിയത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്തിയതെന്ന് മെക്സിക്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബെൽട്രാൻ ലെയ്വ ക്രിമിനൽ സംഘടനയുമായി ബന്ധപ്പെട്ട പ്രധാന നേതാവായ ഇയാൾ ലോസ് മസാറ്റ്ലെക്കോസ് എന്ന സംഘത്തിന്റെയും മേസ-ഫ്ലോറസ് ക്രിമിനൽ ശൃംഖലയുടെയും തലവനാണ്. ഇയാളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്കൻ സർക്കാർ 50 ലക്ഷം ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അറസ്റ്റിന് പിന്നാലെ ഗ്വാസാവെയിലും സമീപ പ്രദേശങ്ങളിലും സംഘർഷം രൂക്ഷമായി. സൈനിക ഹെലികോപ്റ്ററുകൾ നഗരത്തിന് മുകളിലൂടെ പറന്നതും വെടിവെപ്പും വാഹനങ്ങൾ കത്തിച്ചതും റോഡുകളിൽ തടസ്സങ്ങൾ സൃഷ്ടിച്ചതും ജനങ്ങളിൽ പരിഭ്രാന്തി പരത്തി. സൈനികരും ക്രിമിനൽ സംഘാംഗങ്ങളെന്ന് സംശയിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഗ്വാസാവെയിലെ കുറോഡ പാർക്കിൽ നടന്നുകൊണ്ടിരുന്ന ബേസ്ബോൾ മത്സരവും വെടിവെപ്പിനെ തുടർന്ന് നിർത്തിവെച്ചു. കാണികളും കളിക്കാരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സുരക്ഷാസേനയെ വിന്യസിച്ചതായി സിനലോവ അധികൃതർ അറിയിച്ചു. ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാനും സംഘർഷമേഖലകളിലൂടെയുള്ള യാത്ര ഒഴിവാക്കാനും അധികൃതർ നിർദേശം നൽകി.
ദീർഘകാലമായി മെക്സിക്കൻ, അമേരിക്കൻ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്ന വ്യക്തിയാണ് എൽ ചാപോ ഇസിദ്രോ. കൊക്കെയ്ൻ, ഹെറോയിൻ, മെത്താംഫെറ്റമിൻ, മരിജുവാന തുടങ്ങിയ മയക്കുമരുന്നുകളുടെ കടത്തുമായി ബന്ധപ്പെട്ട നിരവധി കുറ്റങ്ങളാണ് ഇയാൾക്കെതിരെ അമേരിക്ക ഉന്നയിച്ചിട്ടുള്ളത്. 2025 ഫെബ്രുവരി നാലിനാണ് എഫ്.ബി.ഐ ഇയാളെ ഏറ്റവും പിടികിട്ടാപ്പുള്ളികളായ പത്ത് കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. സിനലോവയിലെ വിവിധ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള അധികാരത്തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അറസ്റ്റ് നടന്നത്. അറസ്റ്റിലായ ഇസിദ്രോയെയും സംഘത്തിലെ മറ്റ് രണ്ട് പ്രധാനികളെയും മെക്സിക്കോ സിറ്റിയിലേക്ക് വിമാനമാർഗം മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. ലഹരിമരുന്ന് കടത്തിനെതിരായ പോരാട്ടത്തിൽ ഈ അറസ്റ്റ് നിർണായക നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.












