ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ (Belonging: A Journey of Love) എന്ന പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെ വിനായക് ദാമോദർ സവർക്കറുടെ കൊച്ചുമകൻ സാത്യകി സാവർക്കർ നിയമ നോട്ടീസ് അയച്ചു. പുസ്തകത്തിൽ സാവർക്കറെ വളച്ചൊടിച്ചും തെറ്റായും ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. നിരുപാധികം മാപ്പ് പറയണമെന്നും വിശദീകരണവും തിരുത്തലും നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ഇതിനായി 15 ദിവസത്തെ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്.
അഭിഭാഷകനായ സംഗ്രം കോൽഹത്കർ മുഖേന അയച്ച നോട്ടീസിൽ, പുസ്തകത്തിന്റെ 201, 443 പേജുകളിലെ പരാമർശങ്ങളെയാണ് പ്രധാനമായും ചോദ്യം ചെയ്തിരിക്കുന്നത്. ഈ ഭാഗങ്ങളിൽ വസ്തുതാവിരുദ്ധമായ വിവരങ്ങളാണുള്ളതെന്നും, ചരിത്രസംഭവങ്ങളെ വളച്ചൊടിക്കുകയും സാവർക്കറുടെ പ്രശസ്തിക്കും പൈതൃകത്തിനും കളങ്കമുണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. ഹാർപ്പർ കോളിൻസ് പബ്ലിഷേഴ്സ് ഇന്ത്യ നവംബർ 10-ന് പുറത്തിറക്കിയ പുസ്തകത്തിലെ ഈ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയമനടപടിക്ക് തീരുമാനിച്ചതെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.
“ബ്രിട്ടീഷ് ഭരണാധികാരികളിൽ നിന്ന് കോൺഗ്രസ് സ്വാതന്ത്ര്യസമര സേനാനികൾ ആക്രമണങ്ങളും ജയിൽവാസവും അനുഭവിച്ചുകൊണ്ടിരുന്നപ്പോൾ, വിനായക് ദാമോദർ സവർക്കറെപ്പോലുള്ള ആർഎസ്എസ്സിന്റെ മുതിർന്ന ആശയപ്രചാരകർ കൊളോണിയൽ യജമാനന്മാർക്ക് ദയാഹർജികൾ എഴുതുകയായിരുന്നു, അവരുടെ അംഗങ്ങൾ ബ്രിട്ടീഷ് അധികാരികളോടൊപ്പം ഇൻഫോർമർമാരായി ഒത്തുകളിക്കുകയായിരുന്നു” എന്ന 201-ാം പേജിലെ വാചകമാണ് ആദ്യം ചൂണ്ടിക്കാണിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ സാവർക്കർ ബ്രിട്ടീഷ് അധികാരികളുമായി സഹകരിച്ചെന്നോ വിവരങ്ങൾ കൈമാറിയെന്നോ ഉള്ള ധാരണ നൽകുന്നതാണ് ഈ പ്രസ്താവനയെന്ന് നോട്ടീസ് കുറ്റപ്പെടുത്തുന്നു.
ആൻഡമാനിലെ സെല്ലുലാർ ജയിലിൽ ഉൾപ്പെടെ സവർക്കർ ദീർഘകാലത്തെ കഠിനമായ ജയിൽവാസവും പീഡനങ്ങളും അനുഭവിച്ചതാണെന്നും, ജയിൽവാസക്കാലത്ത് സമർപ്പിച്ച ഹർജികളുടെ ചരിത്രപരമായ പശ്ചാത്തലവും സാഹചര്യങ്ങളും പരിശോധിക്കാതെയുള്ള പരാമർശങ്ങൾ അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് നോട്ടീസിൽ പറയുന്നു.
ഹിന്ദുത്വ ആശയത്തിന്റെ സ്ഥാപകനായ സവർക്കർ, ഹിന്ദുക്കൾ പരമാധികാരികളായ ഒരു രാഷ്ട്രമായി ഇന്ത്യയെ കണ്ടുവെന്നും, അത് ആർഎസ്എസ്സും ബിജെപിയും സംഘപരിവാറും പിന്തുടരുന്ന കാഴ്ചപ്പാടാണെന്നുമുള്ള 443-ാം പേജിലെ പരാമർശത്തെയും നോട്ടീസിൽ എതിർക്കുന്നുണ്ട്. സാവർക്കറുടെ രാഷ്ട്രീയ-ദാർശനിക ചിന്തകളെ ലളിതവൽക്കരിച്ച് തെറ്റായി വ്യാഖ്യാനിക്കുന്നതാണ് ഇതെന്നും, അദ്ദേഹത്തിന്റെ എഴുത്തുകളും പ്രസംഗങ്ങളും ശരിയായ ചരിത്രപരവും ബൗദ്ധികവുമായ പശ്ചാത്തലത്തിൽ വേണം വിലയിരുത്താനെന്നും നോട്ടീസ് വ്യക്തമാക്കുന്നു.
201, 443 പേജുകളിലെ പരാമർശങ്ങൾ ഒരുമിച്ച് വായിക്കുമ്പോൾ സവർക്കറുടെ സ്വാതന്ത്ര്യസമര പങ്കാളിത്തത്തെയും രാഷ്ട്രീയ ദർശനത്തെയും കുറിച്ച് തെറ്റായ ചിത്രമാണ് വായനക്കാർക്ക് ലഭിക്കുന്നത്. വരും പതിപ്പുകളിൽ നിന്നും ഇലക്ട്രോണിക് പതിപ്പുകളിൽ നിന്നും ഈ പരാമർശങ്ങൾ നീക്കം ചെയ്യുകയോ തിരുത്തുകയോ ചെയ്യണമെന്നും, 15 ദിവസത്തിനുള്ളിൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ, പുസ്തകത്തിലെ ഈ ഭാഗങ്ങൾക്കെതിരെ മഹാരാഷ്ട്രയിൽ ശിവസേന നേതാക്കൾ പ്രതിഷേധിക്കുകയും പുസ്തകത്തിന്റെ പേജുകൾ കീറുകയും ചെയ്തിരുന്നു.












